ഇത് കൊടുംചതി?- ഫിഫയ്ക്കെതിരെ ഫുട്ബോൾ പ്രേമികൾ
കളിയിലെ പ്രകടനം നോക്കിയല്ല ലിസ്റ്റ് പ്രഖ്യാപിച്ചത്? - ഫിഫയ്ക്കെതിരെ വിമർശനം
ഫിഫയുടെ ഈ വർഷത്തെ മികച്ച താരങ്ങളെ തിരഞ്ഞെടുക്കാനുള്ള അവസാന ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ ആരാധകരെല്ലാം അമ്പരന്നു. എല്ലാ വർഷവും കളിയിലെ പ്രകടനം കണക്കിലെടുത്ത് പുരസ്കാരം സമർപ്പിക്കുന്ന ഫിഫ ഇത്തവണ ചെയ്തത് കൊടുംചതിയെന്നാണ് ആരാധകർ പറയുന്നത്.
മാർക്കറ്റിംഗ് തന്ത്രങ്ങൾ മാത്രം മുൻനിർത്തിയാണ് ഫിഫ അവസാന മൂന്നു പേരുടെ പട്ടിക പുറത്തു വിട്ടിരിക്കുന്നതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
മികച്ച കളിക്കാരുടെ ലിസ്റ്റിൽ അവസാന മൂന്നിൽ റൊണാൾഡോ, മോഡ്രിച്ച്, സലാ എന്നിവരാണ് ഉള്ളത്. ലിസ്റ്റിൽ നിന്നും ബാഴ്സലോണ സൂപ്പർതാരം ലയണൽ മെസിയും ഫ്രാൻസിന്റെ ലോകകപ്പ് ഹീറോ അന്റോണിയോ ഗ്രീസ്മനും പുറത്തായി. അതേ സമയം മികച്ച താരത്തിനുള്ള പുരസ്കാരത്തിൽ സലാ എങ്ങനെ കയറിപ്പറ്റിയെന്നാണ് ആരാധകരുടെ സംശയം. കഴിഞ്ഞ വർഷം ഒരു കിരീടം പോലും സ്വന്തമാക്കാത്ത താരമാണ് സലാ.
ലോകകപ്പും യൂറോപ്പ ലീഗും യൂറോപ്യൻ സൂപ്പർ കപ്പും സ്വന്തമാക്കിയ ഗ്രീസ്മാൻ അവസാന മൂന്നിൽ നിന്നും പുറത്തായത് ചതിയാണെന്നാണ് ആരാധകർ പറയുന്നത്. നേടിയ ട്രോഫികളുടെ എണ്ണം നോക്കിയാണെങ്കിൽ ഗ്രീസ്മാൻ, എംബാപ്പെ, മെസി എന്നിവരും അടിച്ച ഗോളുകളുടെ എണ്ണമാണു നോക്കുന്നതെങ്കിൽ മെസിയുമാണ് സലായേക്കാൾ അവസാന മൂന്നിൽ വരാൻ യോഗ്യരെന്ന് തീർച്ചയാണ്.
2006ന് ശേഷം മെസിയില്ലാത്ത അവസാന പോരാട്ടമാണിത്. കഴിഞ്ഞ രണ്ടു തവണയും രണ്ടാം സ്ഥാനത്തെത്തിയ മെസി ഒഴിവാക്കപ്പെട്ടതിൽ ആരാധകർ നിരാശയിലാണ്.
മികച്ച പരിശീലകർക്കുള്ള ലിസ്റ്റിൽ ക്രൊയേഷ്യയുടെ മാനേജർ സ്ലാകോ ദാലിച്ച്, ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപസ്, റയലിന്റെ മുൻ പരിശീലകൻ സിനദിൻ സിദാൻ എന്നിവരാണ് ഇടം പിടിച്ചത്. ഇതു മാത്രമാണ് ആരാധകരെ അത്ഭുതപ്പെടുത്താത്ത ഒരേയൊരു ലിസ്റ്റ്.
മികച്ച ഗോൾകീപ്പർമാരുടെ ലിസ്റ്റും ആശ്ചര്യപ്പെടുത്തുന്നതാണ്. ലീസസ്റ്റർ സിറ്റിയുടെ ഡെന്മാർക്ക് ഗോൾകീപ്പർ കാസ്പർ ഷ്മൈഷൽ അവസാന മൂന്നിൽ ഇടം പിടിച്ചിട്ടുണ്ട്. റയലിന്റെ ബെൽജിയം ഗോൾകീപ്പർ ക്വാർട്ടുവ, ഫ്രാൻസ് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് എന്നിവരാണ് ലിസ്റ്റിലുള്ള മറ്റു താരങ്ങൾ.
മികച്ച താരത്തിനുള്ള പുരസ്കാരത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും മികച്ച ഗോളിനുള്ള പട്ടികയിൽ മെസി ഉൾപ്പെട്ടിട്ടുണ്ട്. റൊണാൾഡോ, സലാ എന്നിവരടക്കം പത്തു പേരാണ് ഈ ലിസ്റ്റിലുള്ളത്. സെപ്തംബർ 24നാണ് ഫിഫയുടെ പുരസ്കാരം പ്രഖ്യാപിക്കുന്നത്.