FIFA The Best Awards 2023: ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ വോട്ട് മെസിക്കല്ല !
ഫിഫയുടെ ഔദ്യോഗിക വെബ് സൈറ്റിലെ കണക്കുകള്‍ പ്രകാരം വോട്ടെടുപ്പില്‍ മെസിക്കും ഹാളണ്ടിനും ലഭിച്ചത് തുല്യ പോയിന്റ്
FIFA The Best Awards 2023: പോയ വര്‍ഷത്തെ 'ഫിഫ ദ ബെസ്റ്റ്' അവാര്‍ഡുകളില്‍ മികച്ച പുരുഷ താരമായി അര്‍ജന്റീനയുടെ ലയണല്‍ മെസിയെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ് സമൂഹമാധ്യമങ്ങളില്‍. മെസി പുരസ്‌കാരത്തിനു അര്‍ഹനല്ലെന്നും രണ്ടാം സ്ഥാനത്തെത്തിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ടാണ് അര്‍ഹനെന്നും നിരവധി പേര്‍ വാദിക്കുന്നു. മികച്ച പുരുഷ താരത്തെ തിരഞ്ഞെടുക്കാനുള്ള ഫിഫയുടെ വോട്ടെടുപ്പില്‍ തുടക്കംമുതല്‍ മെസിക്ക് ശക്തനായ എതിരാളിയായിരുന്നു ഹാളണ്ട്. പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയെന്‍ എംബാപ്പെയാണ് വോട്ടെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയത്.
ഫിഫയുടെ ഔദ്യോഗിക വെബ് സൈറ്റിലെ കണക്കുകള്‍ പ്രകാരം വോട്ടെടുപ്പില്‍ മെസിക്കും ഹാളണ്ടിനും ലഭിച്ചത് തുല്യ പോയിന്റ്. ഇരുവര്‍ക്കും 48 പോയിന്റാണ് ലഭിച്ചത്. ദേശീയ ടീം നായകന്‍മാര്‍, പരിശീലകര്‍, വിദഗ്ധരായ മാധ്യമപ്രവര്‍ത്തകര്‍, ഫിഫ തിരഞ്ഞെടുത്ത ആരാധകര്‍ എന്നിവരുടെ വോട്ടിങ് പരിഗണിച്ചാണ് ഫിഫയുടെ മികച്ച താരങ്ങള്‍ക്കും പരിശീലകര്‍ക്കും ഉള്ള പുരസ്‌കാരം തീരുമാനിക്കുക. ഇത്തവണ മികച്ച പുരുഷ താരത്തിനു വേണ്ടിയുള്ള വോട്ടെടുപ്പില്‍ 48 പോയിന്റുമായി മെസിയും ഹാളണ്ടും ആദ്യ സ്ഥാനത്തെത്തി. ഇത്തരത്തില്‍ ഒന്നിലേറെ പേര്‍ തുല്യ പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തിയാല്‍ ഫിഫ ആര്‍ട്ടിക്കള്‍ 12 നിയമപ്രകാരം ദേശീയ ടീം നായകന്‍മാരുടെ വോട്ടില്‍ ആര്‍ക്കാണ് കൂടുതല്‍ എന്ന് പരിഗണിക്കും. അങ്ങനെ നോക്കിയപ്പോള്‍ ദേശീയ ടീം നായകന്‍മാരില്‍ കൂടുതല്‍ പേരുടെ വോട്ടും മെസിക്കാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് മെസിയെ മികച്ച പുരുഷ താരമായി ഫിഫ തിരഞ്ഞെടുത്തു.
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി വോട്ട് ചെയ്തിരിക്കുന്നത് ലയണല്‍ മെസിക്കല്ല ! എര്‍ലിങ് ഹാളണ്ടിനാണ്. ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് വോട്ട് ചെയ്തത് സ്പാനിഷ് താരം റോഡ്രിക്ക്. അര്‍ജന്റീനയുടെ നായകന്‍ കൂടിയായ മെസി വോട്ട് ചെയ്തിരിക്കുന്നത് ഹാളണ്ടിനാണ് എന്നതാണ് മറ്റൊരു കൗതുകം.