യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ലിവര്‍പൂള്‍ പുറത്ത്. പിഎസ്ജിക്കെതിരായ രണ്ടാം പാദ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ലിവര്‍പൂള്‍ തോല്‍വി വഴങ്ങിയത്. ആദ്യപാദ മത്സരത്തില്‍ 1-0ത്തിന്റെ വിജയം നേടിയ ലിവര്‍പൂളിന് സമനില മാത്രമായിരുന്നു മത്സരത്തില്‍ വേണ്ടിയിരുന്നത്. എന്നാല്‍ 12മത്തെ മിനിറ്റില്‍ ഉസ്മാന്‍ ഡെംബലെയുടെ ഗോളോടെ പിഎസ്ജി അഗ്രഗേറ്റില്‍ സമനില പിടിച്ചതൊടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്. ഷൂട്ടൗട്ടില്‍ 1-4നായിരുന്നു പിഎസ്ജിയുടെ വിജയം.
ലിവര്‍പൂള്‍ താരങ്ങളായ ഡാര്‍വിന്‍ ന്യൂനസ്, കര്‍ട്ടിസ് ജോണ്‍സ് എന്നിവരുടെ ഗോള്‍ ശ്രമങ്ങള്‍ പിഎസ്ജി ഗോളിയായ ഡൊണ്ണരുമ പരാജയപ്പെടുത്തി. സൂപ്പര്‍ താരം മുഹമ്മദ് സലാ മാത്രമാണ് ഷൂട്ടൗട്ടില്‍ പിഎസ്ജിക്കായി ലക്ഷ്യം കണ്ടത്. ക്വാര്‍ട്ടറില്‍ ആസ്റ്റണ്‍ വില്ല- ബ്രൂഷെ മത്സരത്തിലെ വിജയികളാകും പിഎസ്ജിയുടെ എതിരാളികള്‍. അതേസമയം മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബായ ബെന്‍ഫിക്കയെ തോല്‍പ്പിച്ച് സ്പാനിഷ് ക്ലബായ ബാഴ്‌സലോണ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ആദ്യ പാദത്തില്‍ ബെന്‍ഫിക്കയെ 1-0ന് ബാഴ്‌സ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം പാദത്തില്‍ 3-1ന്റെ വിജയമാണ് ബാഴ്‌സ നേടിയത്.
സ്പാനിഷ് താരം ലമിന്‍ യമാലും(27), ബ്രസീലിയന്‍ താരം റഫീഞ്ഞ്യയുമാണ്(11,42) ബാഴലോണയ്ക്കായി ഗോളുകള്‍ നേടിയത്. ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടോ ലിലയോ ആയിരിക്കും ബാഴ്‌സലോണയുടെ എതിരാളികള്‍.