ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയോടെ പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് വെസ്റ്റിന്‍ഡീസ് ഇതിഹാസ ഫാസ്റ്റ് ബൗളറായ ആന്‍ഡി റോബര്‍ട്ട്‌സ്. 2024ലെ ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി 2025 എന്നിവയിലെ ഉദാഹരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആന്‍ഡി റോബര്‍ട്ട്‌സിന്റെ ആരോപണം.
മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ പറ്റി റോബര്‍ട്ട്‌സ് സംസാരിച്ചത്. 2024ലെ ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ എവിടെ നടക്കുമെന്ന് നേരത്തെ അറിയാന്‍ ഇന്ത്യയ്ക്കായി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് മാത്രം യാത്ര ചെയ്യേണ്ടി വന്നില്ല. ഒരേ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ കളിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡാണ് ഐസിസിയെ നിയന്ത്രിക്കുന്നത്. ഐസിസി ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് തോന്നുന്നത്. നാളെ ഇന്ത്യ നോബോളും, വൈഡും വേണ്ടെന്ന് പറഞ്ഞാല്‍ അതിനും ഐസിസി വഴികണ്ടെത്തും ആന്‍ഡി റോബര്‍ട്ട്‌സ് പറഞ്ഞു. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ഒരേ വേദിയില്‍ നടത്തിയ പശ്ചാത്തലത്തിലാണ് റോബര്‍ട്ട്‌സിന്റെ വിമര്‍ശനം.