Publish Date: Thu, 17 Nov 2022 (15:39 IST)
Updated Date: Thu, 17 Nov 2022 (15:41 IST)
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള അസ്വാരസ്യങ്ങൾ വഷളാകുന്നു. ക്ലബിനും പരിശീലകനുമെതിരെ ക്രിസ്റ്റ്യാനോ വിമർശനവുമായി എത്തിയതിന് പിന്നാലെ താരത്തിൻ്റെ ചുവർ ചിത്രം മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ നിന്നും നീക്കി. ക്രിസ്റ്റ്യാനോയുടെ വീഡിയോ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും താരത്തിനെതിരെ നടപടിയെടുക്കുമെന്നും ക്ലബ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് ക്ലബിനും പരിശീലകനുമെതിരെ ക്രിസ്റ്റ്യാനോ പരസ്യമായി രംഗത്ത് വന്നത്. ക്ലബിൽ നിന്നും ചിലർ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നുവെന്നും താൻ ചതിക്കപ്പെട്ടതുപോലെ തോന്നുന്നുവെന്നുമാണ് റൊണാൾഡൊ പറഞ്ഞത്. പരിശീലകനായ ടെൻ ഹാഗിനോട് തനിക്ക് ബഹുമാനമില്ലെന്നും സർ അലക്സ് ഫെർഗൂസൻ പോയതിന് ശേഷം ക്ലബിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും റൊണാൾഡോ പറഞ്ഞിരുന്നു.