ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ നിന്നും സ്പാനിഷ് ഭീമന്മാരായ റയല്‍ മാഡ്രിഡിലേയ്‌ക്കെത്താന്‍ ഉപാധികള്‍ മുന്നോട്ട് വെച്ച് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. വരുന്ന ജൂണിലാണ് പിഎസ്ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക. ഇതോടെ എംബാപ്പെ റയലിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ക്ലബിനൊപ്പം ചേരുന്നതില്‍ സൂപ്പര്‍ താരം 3 ഉപാധികള്‍ മുന്നോട്ട് വെച്ചതായാണ് വാര്‍ത്തകള്‍.
പിഎസ്ജിയുമായി കരാര്‍ പൂര്‍ത്തിയാക്കുന്നതിനാല്‍ തന്നെ ട്രാന്‍സ്ഫര്‍ ഫീ ഇല്ലാതെ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡിനാകും. 105 മില്യണ്‍ പൗണ്ട് സൈനിങ് ഓണ്‍ ഫീസായി നല്‍കണമെന്നാണ് എംബാപ്പെയുടെ ആവശ്യം. ഇത് കൂടാതെ റയലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് താന്‍ ആകണമെന്നും എംബാപ്പെ ആവശ്യപ്പെടുന്നു. ഇതിന് പുറമെ തന്റെ ഇമേജ് റൈറ്റ്‌സിലൂടെ കിട്ടുന്ന വരുമാനത്തില്‍ 50 ശതമാനവും 25കാരനായ താരം ആവശ്യപ്പെടുന്നുണ്ട്.
റയല്‍ മാഡ്രിഡിന് പുറമെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ലിവര്‍ പൂളാണ് താരത്തിനായി രംഗത്തുള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ടത് മുതല്‍ റയല്‍ മാഡ്രിഡ് എംബാപ്പെയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. 2 വട്ടം റയല്‍ കരാറിന് തൊട്ടരികിലെത്തിയെങ്കിലും അവസാന നിമിഷം അവയെല്ലാം മുടങ്ങുകയായിരുന്നു. നിലവില്‍ ജൂഡ് ബെല്ലിംഗ്ഹാം, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് റയലില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങള്‍.