അര്‍മേനിയക്കെതിരെ ഒന്നിനെതിരെ 9 ഗോളുകള്‍ക്ക് വിജയിച്ചതോടെ അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പ് പോരാട്ടത്തിന് യോഗ്യത നേടി പോര്‍ച്ചുഗല്‍. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയാണ് പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. പോര്‍ച്ചുഗലിനായി ജാവോ നെവസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഹാട്രിക് ഗോളുകള്‍ നേടി. റെനാറ്റോ വെയ്ഗ, ഗോണ്‍സാലോ റാമോസ്, ഫ്രാന്‍സിസ്‌കോ കോന്‍സിക്കാവോ എന്നിവര്‍ ഓരോ ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ വെയ്ഗയിലൂടെയായിരുന്നു പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍. എന്നാല്‍ 18മത്തെ മിനിറ്റില്‍ തന്നെ അര്‍മേനിയ ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ പിന്നീട് അര്‍മേനിയയെ ചിത്രത്തില്‍ നിന്ന് തന്നെ ഇല്ലാതെയാക്കിയായിരുന്നു പോര്‍ച്ചുഗലിന്റെ വിളയാട്ടം. 28മത്തെ മിനിറ്റില്‍ റാമോസിലൂടെ പോര്‍ച്ചുഗല്‍ ലീഡ് നേടി. 30,41,81 മിനിറ്റുകളില്‍ നേടിയ ഗോളുകളോടെ നെവസ് ഹാട്രിക് സ്വന്തമാക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും മത്സരത്തിന്റെ 51,72 മിനിറ്റുകളിലും ഗോളുകള്‍ നേടി ബ്രൂണോ ഫെര്‍ണാണ്ടസും ഹാട്രിക് പൂര്‍ത്തിയാക്കി.അവസാന ഗോള്‍ രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് കോണ്‍സിക്കാവോയാണ് സ്വന്തമാക്കിയത്.