ലോകകപ്പ് കിരീടം നേടിയതിന് ശേഷം സൂപ്പർ താരം ലയണൽ മെസ്സിക്ക് അന്താരാഷ്ട്ര ഫുട്ബോളിൽ അത്ര നല്ല കാലമല്ല. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയതോടെ ഫ്രഞ്ച് ആരാധകരിൽ ഒരു വിഭാഗത്തിന് മെസ്സിയോട് എതിർപ്പുണ്ടായിരുന്നു. തുടർച്ചയായി രണ്ടാം വർഷവും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ പിഎസ്ജി പുറത്താവുക കൂടി ചെയ്തതോടെ ആരാധകർ മെസ്സിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ദിവസം റെന്നസുമായുള്ള മത്സരത്തിന് മുൻപ് മെസ്സിയുടെ പേര് സ്റ്റേഡിയത്തിൽ അന്നൗൺസ് ചെയ്തതും കൂക്കുവിളികളോടെയാണ് ആരാധകർ ഇതിനെ സ്വീകരിച്ചത്.ഇതോടെ ഈ വർഷം ക്ലബുമായി കരാർ അവസാനിക്കുന്ന താരം പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. ഇതോടെ മെസ്സിയെ ബാഴ്സലോണയിലേക്ക് തിരികെ ക്ഷണിച്ചിരിക്കുകയാണ് ബാഴ്സ താരമായ സെർജി റോബെർട്ടോ. മെസ്സി തിരിച്ചെത്തിയാൽ രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്നും മെസ്സിയെ പിഎസ്ജി അർഹിക്കുന്നില്ലെന്നും താരം പറഞ്ഞു. മെസ്സി ബാഴ്സയിലേക്ക് തന്നെ മടങ്ങുമെന്ന് വാർത്തകളുണ്ടെങ്കിലും ക്ലബിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ മെസ്സിയെ സ്വന്തമാക്കാൻ കഴിയുമോ എന്നത് കണ്ടറിയേണ്ടതാണ്.ഇറ്റാലിയൻ ക്ലബുകളും മെസ്സിയെ നോട്ടമിടുന്നതായാണ് റിപ്പോർട്ടുകൾ.