കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഉടമസ്ഥാവകാശത്തിൽ നിന്നും ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ പിന്മാറിയെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. തന്റെ പേരിലുണ്ടായിരുന്ന ഇരുപതു ശതമാനം ഓഹരികളും ഒഴിവാക്കിയാണ് താരം ബ്ലാസ്റ്റേഴ്സ് ടീമിനോടു വിട പറഞ്ഞത്.
സച്ചിന്റെ ഓഹരികൾ ബ്ലാസ്റ്റേഴ്സിന്റെ മറ്റു പ്രധാന ഉടമകളായ ചിരഞ്ജീവിയും അല്ലു അരവിന്ദും തന്നെ വാങ്ങുമെന്ന് സൂചനകളുണ്ട്. സച്ചിൻ ടീം വിട്ടത് ആരാധകർക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ബ്ലാസ്റ്റേഴ്സുൾപ്പെടെയുള്ള ക്ലബുകൾക്ക് കഴിഞ്ഞ കുറേ സീസണുകളിലായി വരുന്ന കനത്ത നഷ്ടമാണ് താരത്തെ പിന്തിരിപ്പിച്ചതെന്നാണ് പുറത്തു വരുന്ന സൂചനകൾ.
ടീം തുടങ്ങിയതിനു ശേഷം ഇതു വരെ എൺപതു കോടിയോളമാണ് ബ്ലാസ്റ്റേഴ്സിന്റെ നഷ്ടമായി കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ മാത്രം പതിനഞ്ചു കോടിയോളമാണ് ബ്ലാസ്റ്റേഴ്സിന്റെ നഷ്ടം.
ഐഎസ്എൽ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ബ്ലാസ്റ്റേഴ്സിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങൾ ആരാധകർക്ക് ആശങ്കയുണർത്തിയിട്ടുണ്ട്.