ഇംഗ്ലീഷ് പ്രീമിയർ ലീഗിൻ്റെ ഈ സീസണിൻ്റെ തുടക്കം മുതൽ മുന്നിൽ നിന്നിരുന്ന ആഴ്സണൽ ഈ വർഷം കിരീടം നേടുമെന്നാണ് ഫുട്ബോൾ പ്രേമികൾ കരുതിയിരുന്നത്. സീസണിൽ അവിശ്വസനീയമായ കുതിപ്പ് നടത്തിയ താരം മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതോടെ ടീമിൻ്റെ കിരീടസാധ്യത താഴ്ന്നിരിക്കുകയാണ്.
 
									
			
			 
 			
 
 			
					
			        							
								
																	
	 
	ഇപ്പോഴും മാഞ്ചസ്റ്റർ സിറ്റിയുമായി 2 പോയൻ്റ് വ്യത്യാസമുണ്ടെങ്കിലും ആഴ്സണലിനേക്കാൾ 2 മത്സരങ്ങൾ കുറവാണ് മാഞ്ചസ്റ്റർ സിറ്റിയ്ക്കുള്ളത്. എന്നാൽ നിലവിലെ മികച്ച ഫോമിൽ തുടർമത്സരങ്ങളിൽ സിറ്റി തന്നെ വിജയിക്കുമെന്നും അതിനാൽ കിരീടസാധ്യത സിറ്റിക്ക് കൂടുതലാണെന്നും ഫുട്ബോൾ ആരാധകർ വിലയിരുത്തുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം.
 
									
										
								
																	
	 
	മാഞ്ചസ്റ്റർ സിറ്റിക്കായി കെവിൻ ഡിബ്ര്യുയ്നെ 2 ഗോളും ജോൺ സ്റ്റോൺസ്,ഹാലൻഡ് എന്നിവർ ഓരോ ഗോളുകളും നേടി. പ്രതിരോധ താരം റോബ് ഹോൾഡിങ് ആണ് ആഴ്സണലിൻ്റെ ആശ്വാസഗോൾ നേടിയത്. അതേസമയം കിരീട പോരാട്ടത്തിൽ സിറ്റിക്ക് ആധിപത്യം ഉണ്ടെങ്കിലും ആഴ്സണലിന് ഇപ്പോഴും സാധ്യതയുള്ളതായി ആഴ്സണൽ പരിശീലകൻ ആർട്ടെറ്റ പറഞ്ഞു. അടുത്ത മൂന്ന് മത്സരങ്ങൾ വളരെ പ്രധാനമാണെന്നും അതിൽ മികച്ച പ്രകടനം നടത്തിയാലേ തിരിച്ചുവരാൻ കഴിയുമോ എന്ന കാര്യം മനസിലാകുവെന്നും അദ്ദേഹം പറഞ്ഞു.