യുവേഫ ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം പാദ ക്വാര്‍ട്ടറില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ വീഴ്ത്തി ആഴ്‌സണല്‍ സെമി ഫൈനലില്‍. ഇരുപാദങ്ങളിലുമായി 5-1 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് ഇംഗ്ലീഷ് ക്ലബിന്റെ വിജയം. റയലിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ 2-1നാണ് ആഴ്‌സണലിന്റെ വിജയം.
ആഴ്‌സണലിനായി ബുക്കായോ സാക്ക, ഗബ്രിയേല്‍ മാര്‍ട്ടിനല്ലി എന്നിവരാണ് ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ 67മത്തെ മിനിറ്റില്‍ വിനീഷ്യസ് ജൂനിയറാണ് റയലിന്റെ ആശ്വാസഗോള്‍ കണ്ടെത്തിയത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ആഴ്‌സണലിന്റെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ പ്രവേശനം. ഈ മാസം 29ന് നടക്കുന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിയാണ് ആഴ്‌സണലിന്റെ എതിരാളികള്‍.
അതേസമയം മറ്റൊരു രണ്ടാം പാദ ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിനെ സമനിലയില്‍ കുരുക്കി ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍മിലാനും സെമി ഫൈനലില്‍ ഇടം നേടി. ആദ്യപാദത്തില്‍ നേടിയ ലീഡിന്റെ ബലത്തില്‍ 4-3 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് ഇന്ററിന്റെ സെമിഫൈനല്‍ പ്രവേശനം. ഈ മാസം 30ന് നടക്കുന്ന സെമിഫൈനലില്‍ സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയാണ് ഇന്റര്‍മിലാന്റെ എതിരാളികള്‍.