അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്ക് കോഴിക്കോട് കൂടി വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ആരാധകരുടെ സൗകര്യാര്‍ഥമാണ് ഇത്തരമൊരു തീരുമാനം തങ്ങളുടെ പരിഗണനയിലുള്ളതെന്ന് സിഇഒ അഭീക് ചാറ്റര്‍ജി പ്രതികരിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ ദവീദ് കറ്റാലയെ അവതരിപ്പിക്കാനായി ഒരുക്കിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അടുത്ത സീസണില്‍ ക്ലബിന്റെ ഏതാനും മത്സരങ്ങള്‍ കോഴിക്കോട് നടത്താന്‍ പദ്ധതിയുണ്ട്. എന്നാല്‍ ഐഎസ്എല്‍ അധികൃതര്‍ പറഞ്ഞിട്ടുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ അത് സാധ്യമാവു.ഇക്കാര്യം ഐഎസ്എല്‍ അധികൃതരുമായി സംസാരിച്ചെന്നും അവര്‍ക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2014ലെ ആദ്യ സീസണ്‍ മുതല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട്. കോഴിക്കോടും ക്ലബിന്റെ മത്സരങ്ങള്‍ നടത്തണമെന്നത് ആരാധകരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്.