മൊബൈല്‍ ഫോണിന്റെ ഉപയോഗം ഇങ്ങനെയോ ?; നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍

മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നത് ഏറ്റവുമധികം ബാധിച്ചേക്കാവുന്നത് കണ്ണിനെയാണ്.

വ്യാഴം, 27 ജൂണ്‍ 2019 (16:16 IST)
മൊബൈൽ ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്നായി. എവിടെപ്പോയാലും വെറുതെ ഇരുന്നാൽപോലും കയ്യിൽ മൊബൈൽ വേണമെന്ന സ്ഥിതിയാണ്. രണ്ട് സെക്കന്റ് വെറുതെ ഇരുന്നാൽ കയ്യ് അറിയാതെ മൊബൈൽ സ്ക്രീനിലേക്ക് പോകും. പിന്നെ മിനിറ്റുകൾ കഴിഞ്ഞാകും സ്ഥലകാലബോധം പോലുമുണ്ടാവുക.എന്നാൽ ഇങ്ങനെ സ്ഥിരമായി മൊബൈൽ ഫോണിൽ മുഴുകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ വരുത്തി വെച്ചേക്കാം.പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ ഒരു കാര്യത്തിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ വഴുതി മാറുന്നത് അമിതമായ മൊബൈൽ ഉപയോഗം മൂലമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തുടക്കത്തിൽ നിസാരമെന്ന് തോന്നുമെങ്കിലും ശരീരത്തെയും മനസിനെയും സാമൂഹിക ബന്ധങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണ് മൊബൈൽ ഫോൺ അഡിക്ഷൻ. ഒരു ഇടവേള പോലുമില്ലാതെ മൊബൈലിൽ ഉപയോഗിക്കുന്നത് പല രോഗങ്ങളും വരുത്തിവെക്കും. ജീവിതശൈലിയെ തന്നെ  ബാധിക്കുകയും ചെയ്യും.
 
മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നത് ഏറ്റവുമധികം ബാധിച്ചേക്കാവുന്നത് കണ്ണിനെയാണ്. ഏറെ സമയം വളരെ അടുത്തുള്ള ഒരു വസ്തുവിലേക്ക് മാത്രം നോക്കുമ്പോൾ, ദൂരെയുള്ള വസ്തുക്കളിൽ ശ്രദ്ധ ചെലുത്താൻ വേണ്ടിയുള്ള സമയം കൂടി ഇല്ലാതാവുകയാണ്. ഇമ ചിമ്മാൻ മറന്ന് മൊബൈലിൽ തന്നെ നോക്കിയിരിക്കുമ്പോൾ കണ്ണുകളുടെ മേലുള്ള സമ്മർദ്ദം വർധിക്കുകയാണ്.
പലപ്പോഴും മൊബൈലിൽ നിന്ന്  കണ്ണെടുക്കാതെയാണ് പലരും ഉറങ്ങാൻ കിടക്കുന്നത്. എന്നാൽ നിശ്ചിത സമയത്ത് ശരിയായ രീതിയിൽ ഉറക്കം ലഭിച്ചിലെങ്കിൽ അത് ആരോഗ്യത്തെ ബാധിക്കും. എൽസിഡി സ്‌ക്രീനുകളിലേയ്ക്ക് കൂടുതൽ സമയം നോക്കിയിരിക്കുന്നത് സ്വഭാവികമായ ഉറക്കത്തെ ബാധിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിരുന്നു.
 
കുറെയധികം സമയം തല കുനിച്ചു മൊബൈയിലേക്ക് നോക്കുമ്പോൾ കണ്ണുകൾക്കൊപ്പംതന്നെ കഴുത്തിലും സമർദ്ദമേറും. കഴുത്തിന് വേദന വരുന്നതിന് കാരണമാവുകയും ചെയ്യാം.  മൊബൈൽ ഫോൺ തുടർച്ചയായി കൂടുതൽ സമയം ഉപയോഗിക്കുമ്പോൾ സെർവിക്കൽ സ്പൈനിന് സമർദ്ദം വർധിക്കുന്നു. ടെക്സ്റ്റ് നെക്ക് എന്നാണ് ഈ അസുഖം അറിയപെടുന്നത് തന്നെ.അമിതമായി മൊബൈൽ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. നിങ്ങൾക്ക് വിഷാദ രോഗം വരുവാനുള്ള സാധ്യത ഏറെയാണ്. ഗോഥെൻബർഗ് സർവകലാശാല നടത്തിയ പഠനത്തിൽ മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും ഡിപ്രെഷൻ വർധിക്കുന്നതായിട്ട് കണ്ടെത്തിയിരുന്നു.മൊബൈൽ പൂർണമായി ഒഴിവാക്കാൻ പറ്റില്ലെങ്കിലും ചില കാര്യങ്ങൾ ചെയ്യാൻ നമുക്കാവും. മുഴുവൻ സമയവും ഓൺലൈൻ ആകാതെ ചിലപ്പോഴക്കെ ഓഫ്‌ലൈൻ ആകാം. ആരോഗ്യവും സംരക്ഷിക്കാം, സമയവും ലാഭിക്കാം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചൂട് വെള്ളമാണോ പച്ച വെള്ളമാണോ നല്ലത് ?