കുളി നമ്മുടെ ശുചിത്വത്തിൻറെ ഭാഗമാണ്. പത്ത് മിനിറ്റെങ്കിലും കുളിക്കാൻ എടുത്തില്ലെങ്കിൽ അത് കുളിയാകില്ല. ചിലർ ഒരു മണിക്കൂർ ഒക്കെ കുളിക്കാനെടുക്കും. എന്നാൽ എല്ലാവരിലും ദീർഘനേരമുള്ള കുളി അത്ര നല്ലതായിരിക്കില്ല. എക്സിമ ചർമ രോഗമുള്ളർ ദീർഘനേരം വെള്ളവുമായി സമ്പർക്കപ്പെടുന്നത് രോഗാവസ്ഥ വഷളാക്കുമെന്ന് ആരോഗ്യ വിദഗ്ധർ.
എക്സിമ നിയന്ത്രിക്കുന്നതിൽ കുളിക്കും വലിയ പങ്കുണ്ട്. ദീർഘസമയം ഷവറിനുകീഴിലുള്ള കുളി ഒഴിവാക്കി, ഒരു ബക്കറ്റ് മാത്രം വെള്ളത്തിൽ കുളിക്കുന്നതാണ് ഈ ചർമരോഗത്തിന് അഭികാമ്യമെന്നും വിദഗ്ധർ പറയുന്നു. സമയം ഏറെയെടുത്തുള്ള കുളി ചർമത്തെ പെട്ടെന്ന് വരണ്ടതാക്കുകയും എക്സിമ ലക്ഷണങ്ങൾ കൂട്ടുകയും ചെയ്യും. ചർമത്തിലുണ്ടാകുന്ന നീർക്കെട്ടാണ് എക്സിമ.
ഏതു പ്രായത്തിലുള്ളവരേയും എക്സിമ ബാധിക്കാം. കുട്ടിക്കാലത്താണ് പൊതുവേ ലക്ഷണങ്ങൾ പ്രകടമാവുക, ഇത് പ്രായപൂർത്തിയാകും വരെ നീണ്ടുനിൽക്കുകയും ചെയ്യാം. ഡെർമറ്റൈറ്റിസ്, വിവിധ തരത്തിലുള്ള അലർജികൾ ഉള്ളവർ, ആസ്ത്മ രോഗികൾ തുടങ്ങിയവരിൽ എക്സിമ വരാനുള്ള സാധ്യത കൂടുതലാണ്.
ശരീരത്തിന്റെ പ്രതിരോധ സംവിധാനം എക്സിമയിലേക്ക് നയിക്കുന്ന പ്രധാന ഘടകമാണ്. ചെറിയ അസ്വസ്ഥതകളോ, അലർജികളോ ഉണ്ടാകുമ്പോൾ പ്രതിരോധ സംവിധാനം അവയെ മറികടക്കാൻ വീക്കമുണ്ടാക്കും. ചർമരോഗങ്ങൾ കുടുംബത്തിലാർക്കെങ്കിലും ഉണ്ടെങ്കിലും വരാനുള്ള സാധ്യത കൂടുതലാണ്.
പൊടി, പുക, ചിലയിനം സോപ്പുകൾ, തുണിത്തരങ്ങൾ, സ്കിൻ കെയർ ഉത്പന്നങ്ങൾ തുടങ്ങിയവയും എക്സിമ ഉണ്ടാക്കാൻ കാരണമാകാം. അന്തരീക്ഷത്തിൽ ഈർപ്പം കുറയുന്നത് ചർമം വരണ്ട് ചൊറിയാനിടയാക്കും. ചൂടും ഹ്യുമിഡിറ്റിയും വിയർപ്പ് ഉണ്ടാക്കുകയും ഇത് ചൊറിച്ചിൽ കൂട്ടുകയും ചെയ്യും. കൂടാതെ മാനസികനിലയ്ക്കും പ്രധാന പങ്കുണ്ട്. സമ്മർദം, ഉത്കണ്ഠ, വിഷാദം എന്നിവയിലൂടെ കടന്നുപോകുന്നവരിൽ എക്സിമയുടെ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.