Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Kerala Weather, Heat, Temperature, Kerala News, Webdunia Malayalam

സിആര്‍ രവിചന്ദ്രന്‍

, ശനി, 15 മാര്‍ച്ച് 2025 (14:35 IST)
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. ശരീരത്തില്‍ നിന്നും അമിത ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.
 
നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവ നട്ടുച്ചയ്ക്കോ സൂര്യനുമായി നേരിട്ട് ബന്ധപ്പെടുമ്പോഴോ മാത്രം ഉണ്ടാകണമെന്നില്ല. പ്രായമായവര്‍, രോഗികള്‍ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളില്‍ പോലും ഇതുണ്ടാകും. അതിനാല്‍ ഇത്തരക്കാര്‍ക്ക് ജലാംശം ഉറപ്പാക്കുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ ധാരാളം നല്‍കണം. പ്രായാധിക്യമുള്ളവര്‍, രോഗികള്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ കിടക്കുന്നിടത്ത് വായുസഞ്ചാരം ഉറപ്പാക്കണം.
 
സൂര്യാഘാതം മനുഷ്യന് മാത്രമല്ല മൃഗങ്ങള്‍ക്കും ഉണ്ടാകാമെന്നതിനാല്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം ഉറപ്പാക്കണം. അമിതമായി മധുരം ചേര്‍ത്തതും കാര്‍ബണ്‍ ഡൈഓക്സൈഡ് ചേര്‍ത്തതുമായ വിവിധതരം പാനീയങ്ങള്‍ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ നിര്‍ജലീകരണത്തിന് കാരണമാകാം. മദ്യം നിര്‍ജലീകരണത്തിന് കാരണമാകുമെന്നതിനാല്‍ ശ്രദ്ധിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിൽ കറ്റാർവാഴ വളർത്തണോ? ഇത്രയും ചെയ്താൽ മതി