പയറും പരിപ്പും അമിതമായി വേവിക്കരുത് !
പയര്‍ വര്‍ഗങ്ങള്‍ വേവിക്കുമ്പോള്‍ ആവശ്യത്തിനു മാത്രം വെള്ളം ചേര്‍ക്കുക
പയര്‍ വര്‍ഗങ്ങളില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കടല, പരിപ്പ്, പയര്‍ എന്നിവ ആഴ്ചയില്‍ മൂന്നോ നാലോ തവണയെങ്കിലും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. അതേസമയം പയര്‍ വര്‍ഗങ്ങള്‍ അമിതമായി വേവിക്കാന്‍ പാടില്ല. ഐസിഎംആര്‍ അടുത്തിടെ പുറത്തുവിട്ട 17 ഡയറ്ററി മാര്‍ഗനിര്‍ദേശങ്ങളില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അമിതമായി വേവിക്കുമ്പോള്‍ പയര്‍ വര്‍ഗങ്ങളുടെ പ്രോട്ടീന്‍ നഷ്ടമാകുന്നു.
ദഹനത്തിനു തടസമാകുന്ന ആന്റി-ന്യൂട്രിഷണല്‍ ഘടകങ്ങള്‍ ഇല്ലാതാക്കാന്‍ പയര്‍ വര്‍ഗങ്ങള്‍ തിളപ്പിക്കണം. അല്ലെങ്കില്‍ പ്രഷര്‍ കുക്കറില്‍ പാകം ചെയ്യണം. തിളപ്പിക്കുന്നതിലൂടെ ഇവയില്‍ അടങ്ങിയ ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും. പോഷക ലഭ്യത മെച്ചപ്പെടുകയും ചെയ്യുന്നു. രുചി വര്‍ധിപ്പിക്കാനും പയര്‍ വര്‍ഗങ്ങള്‍ തിളപ്പിക്കുന്നത് നല്ലതാണ്. പക്ഷേ അമിതമായി വേവിക്കുന്നതാണ് പ്രോട്ടീന്‍ നഷ്ടപ്പെടാനും അമിനോ അസിഡായ ലൈസീന്‍ നഷ്ടപ്പെടാനും കാരണം.
പയര്‍ വര്‍ഗങ്ങള്‍ വേവിക്കുമ്പോള്‍ ആവശ്യത്തിനു മാത്രം വെള്ളം ചേര്‍ക്കുക. ഇത് വെള്ളം വറ്റി പോകുന്നത് ഒഴിവാക്കുകയും ആവശ്യ പോഷകങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ രുചിയും വര്‍ധിപ്പിക്കും.