നിന്നുകൊണ്ട് വേഗത്തില്‍ വെള്ളം കുടിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നമ്മളില്‍ പലരും നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവരാണ്
ശരീരത്തിനു ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് വെള്ളം. നന്നായി വെള്ളം കുടിക്കുന്നവരുടെ ആരോഗ്യം എപ്പോഴും മെച്ചപ്പെട്ട നിലയിലായിരിക്കും. ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എങ്കിലും വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തോന്നിയ പോലെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് മനസ്സിലാക്കണം.
നമ്മളില്‍ പലരും നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവരാണ്. പുറത്ത് പോയി വന്നാല്‍ ഫ്രിഡ്ജില്‍ നിന്ന് ഒരു കുപ്പിയെടുത്ത് നിന്നുകൊണ്ട് തന്നെ കുറേ വെള്ളം കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും.
നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ അത് വയറിനുള്ളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വയറിനുള്ളിലെ മര്‍ദ്ദം കൂടുകയും അത് ദഹനപ്രക്രിയയെ സാരമായി ബാധിക്കുകയും ചെയ്യും. മാത്രമല്ല ധാരാളം വെള്ളം ഒറ്റയടിക്ക് കുടിക്കുന്ന ശീലവും നന്നല്ല. കൃത്യമായ അളവില്ലാതെ ധാരാളം വെള്ളം ഒറ്റയടിക്ക് കുടിക്കുമ്പോള്‍ അത് രക്തത്തിലെ ഫ്‌ളൂയിഡിന്റെ അളവിനേയും സോഡിയത്തിന്റെ അളവിനേയും താളംതെറ്റിക്കും. ശരീരത്തെ ഇത് ദോഷമായി ബാധിക്കും. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും ശരീരത്തിനു ദോഷമാണ്.
അതേസമയം, ആരോഗ്യകരമായ വെള്ളം കുടിയെ കുറിച്ച് വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്. കസേരയില്‍ ഇരുന്നുകൊണ്ട് വേണം വെള്ളം കുടിക്കാന്‍. ഗ്ലാസില്‍ വെള്ളം എടുത്ത് സാവധാനത്തില്‍ വേണം കുടിക്കാന്‍.