'പൈൽസ്' അഥവാ 'മൂലക്കുരു' നാണക്കേട് ഭയന്ന് പലരും പുറത്തുപറയാൻ മടിക്കുന്ന രോഗമാണ്. ഹെമറോയ്‌ഡുകൾ എന്നും ഇത് അറിയപ്പെടുന്നു. ഈ രോഗാവസ്ഥയെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്‌ടിക്കുന്നതിനായാണ് എല്ലാ വർഷവും നവംബർ 20 ലോക പൈൽസ് ദിനമായി ആചരിക്കുന്നത്. മൂലക്കുരു തന്നെ രണ്ടു തരമുണ്ട്– ഒന്ന് രക്തം പൊട്ടി ഒലിക്കുന്നത്. രണ്ട് രക്തം പൊട്ടി ഒലിക്കാതെ ഉണങ്ങി നിൽക്കുന്നത്. ആദ്യത്തേതിനു രക്തം പോകുമെങ്കിലും വേദന ഉണ്ടാകില്ല. രണ്ടാമത്തേതിനു വേദന കൂടും.
പല കാരണങ്ങൾ കൊണ്ടാണ് മൂലക്കുരു ഉണ്ടാകുന്നത്. മലം പോകാൻ മുക്കുന്നത്, അമിത വിയർപ്പ് , ശരീരത്തിലെ ജല നഷ്ടം, എരിവ് , പുളി , മസാല കൂട്ടുകൾ സ്ഥിരമായി കഴിക്കുന്നത്, മദ്യം, സോഡാ തുടങ്ങിയവ എന്നിവയുടെ സ്ഥിരം ഉപയോഗം ഇവയൊക്കെയാണ് മൂലക്കുരു ഉണ്ടാകാൻ കാരണം.
മലബന്ധം ഉണ്ടാക്കുന്ന ആഹാരങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. സാധാരണയായി ചിക്കൻ വളരെ പേർക്കും ബുദ്ധിമുട്ടുണ്ടാക്കും. എത്ത പഴം , ആപ്പിൾ ചിലർക്ക് മലബന്ധം ഉണ്ടാക്കും. മൈദാ ചേർത്ത ആഹാരങ്ങൾ കുറയ്ക്കണം. ചെറുപഴങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതൽ കഴിക്കണം. വെള്ളം ധാരാളം കുടിക്കണം.