Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപസ്മാര നിയന്ത്രണം എങ്ങനെ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

നിങ്ങളുടെ പക്കല്‍ എത്രമാത്രം മരുന്നുകള്‍ അവശേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കി അത് തീരുന്നതിനു മുന്‍പ് തന്നെ വീണ്ടും റീഫില്‍ ചെയ്യാന്‍ ശ്രദ്ധിക്കുക

Seizures

രേണുക വേണു

, വ്യാഴം, 20 ഫെബ്രുവരി 2025 (09:31 IST)
Seizures

ഡോക്ടര്‍ പാര്‍ത്ഥസാരഥി ബി.
കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് 
അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റല്‍, അങ്കമാലി
 
അസാധാരണമായി മസ്തിഷ്‌കത്തിലെ വൈദ്യുത തരംഗങ്ങളില്‍ അടിക്കടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന നാഡീ സംബന്ധമായ ഒരു രോഗാവസ്ഥയാണ് അപസ്മാരം അഥവാ ചുഴലി. വെല്ലുവിളികള്‍ ഒരുപാടുണ്ടെങ്കിലും കൃത്യമായ ചികിത്സയിലൂടെയും നല്ല ശീലങ്ങളിലൂടെയും ഒപ്പം പ്രതിരോധത്തിലൂടെയും ഒക്കെ ഈ രോഗാവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കും. രോഗാവസ്ഥയെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയും അത് അനുസരിച്ച് വേണ്ട മുന്‍കരുതലുകളും എടുക്കുകയും ചെയ്യുന്നതിലൂടെ രോഗിക്കും അവരുടെ കുടുംബത്തിനും കൂടുതല്‍ ആത്മവിശ്വാസത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിതം മുന്‍പോട്ട് കൊണ്ടുപോകാന്‍ സാധിക്കും.
 
ചികിത്സാരീതി
 
അപസ്മാരം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള ചികിത്സ രീതി കൃത്യമായി പിന്തുടരുന്നത് വളരെ പ്രധാനപ്പെട്ടതാണ്. നിരവധി ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവരുന്ന വളരെ വേഗതയേറിയ ജീവിതത്തില്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരത്തില്‍ ദിവസവും ഒരേസമയം കൃത്യമായി മരുന്ന് കഴിക്കുന്നത് അല്പം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാല്‍ ഒന്നോ രണ്ടോ ഡോസുകള്‍ പോലും വിട്ടുകളയുന്നത് അപസ്മാരത്തിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മരുന്നുകളുടെ ഇടയില്‍ ഇതിന് മുന്‍ഗണന നല്‍കേണ്ടത് അത്യാവശ്യമാണ്. 
 
മരുന്നുകള്‍ ഒന്നുപോലും മുടങ്ങാതെ കഴിക്കുക - കൃത്യസമയങ്ങളില്‍ മരുന്നുകള്‍ കഴിക്കാനായി എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കുന്ന വിധം മരുന്നുകള്‍ സൂക്ഷിക്കുക. 
 
മരുന്നിന്റെ ലഭ്യത - നിങ്ങളുടെ പക്കല്‍ എത്രമാത്രം മരുന്നുകള്‍ അവശേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കി അത് തീരുന്നതിനു മുന്‍പ് തന്നെ വീണ്ടും റീഫില്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. 
 
സുതാര്യമായിരിക്കുക - രോഗാവസ്ഥയില്‍ ആയിരിക്കുന്നതോ അതിനു വേണ്ടി മരുന്ന് കഴിക്കുന്നത് ഒരു നാണക്കേടായി കരുതേണ്ട ആവശ്യമില്ല. പലപ്പോഴും ജോലിസ്ഥലത്തോ, സ്‌കൂളിലോ വെച്ച് നിര്‍ദ്ദേശിച്ച മരുന്നുകള്‍ നാണക്കേട് മൂലം ഒഴിവാക്കിയാല്‍ കൃത്യമായ ചികിത്സയെ അത് ബാധിക്കും. 
 
പരീക്ഷണങ്ങള്‍ ഒഴിവാക്കുക - ഓണ്‍ലൈനിലും മറ്റും 'അത്ഭുതകരമായ' പല പരസ്യങ്ങളൊക്കെ കാണുമ്പോഴോ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ നിര്‍ദേശിക്കുന്ന പുതിയ ചികിത്സാരീതികളോ ഒന്നും ഒരു പ്രതിവിധി അല്ലെന്ന് മനസ്സിലാക്കുകയും അത് പരീക്ഷിക്കാതിരിക്കുകയും ചെയ്യുക. എപ്പോഴെങ്കിലും ചികിത്സയില്‍ എന്തെങ്കിലും മാറ്റം ആവശ്യമെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ ഉറപ്പായും ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടണം.
 
ആരോഗ്യകരമായ ശീലങ്ങള്‍
 
മരുന്നുകള്‍ക്ക് പുറമേ ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കുന്നത് അപസ്മാരത്തെ നിയന്ത്രിക്കാനും സീഷര്‍ സാധ്യത കുറയ്ക്കാനും സഹായിക്കും. 
 
ഉറക്കത്തിന് മുന്‍ഗണന നല്‍കുക - ഓരോ ദിവസവും ഏറ്റവും കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക. 
 
ജലാംശം നിലനിര്‍ത്തുക - ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ദിവസവും ധാരാളം വെള്ളം കുടിക്കുക.
 
സമീകൃത ആഹാരം ഉറപ്പുവരുത്തുക - കൃത്യമായ സമയങ്ങളില്‍ പോഷക  ഗുണമുള്ള ആഹാരങ്ങള്‍ കഴിക്കുക. ഒപ്പം ഭക്ഷണം ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കണം. 
 
സ്‌ട്രെസ് നിയന്ത്രിക്കുക - മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള നുറുങ്ങു വിദ്യകള്‍ പഠിക്കുകയും ഉല്‍ക്കണ്ഠ കുറയ്ക്കുകയും വേണം. 
 
ട്രിഗര്‍ ചെയ്യുന്നവ ഒഴിവാക്കുക - മദ്യം റിക്രിയേഷണല്‍ ഡ്രഗ്ഗ്‌സ് എന്നിവയും പാര്‍ട്ടികളിലെ സ്‌ട്രോബ് ലൈറ്റ് പോലെ മിന്നുന്ന ലൈറ്റുകളും ഒഴിവാക്കുക.
 
മറ്റ് സുരക്ഷാനിര്‍ദ്ദേശങ്ങള്‍ 
 
നീന്തല്‍ ഒഴിവാക്കുക  - ആരുടെയും മേല്‍നോട്ടം ഇല്ലാത്ത അവസ്ഥയില്‍ നീന്തല്‍ ഒഴിവാക്കുക
 
ഉയരം കൂടിയ സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക - ഉയരം കൂടിയ സ്ഥലങ്ങളിലേക്കോ മറ്റോ കയറുന്നതും പോകുന്നതും ഒഴിവാക്കുക
 
സുരക്ഷിതമായി പാകം ചെയ്യുക - ഭക്ഷണം എപ്പോഴും വൃത്തിയോടും സുരക്ഷിതവുമായി വേണം പാകം ചെയ്യാന്‍. ആരുടെയും മേല്‍നോട്ടം ഇല്ലെങ്കില്‍ ഭക്ഷണം ഒരിക്കലും തുറന്നുവെച്ച് പാകം ചെയ്യരുത്
 
ഡ്രൈവിംഗ് നിയന്ത്രിക്കുക - കഴിഞ്ഞ ആറുമാസം മുതല്‍ ഒരു വര്‍ഷകാലയളവിനിടയില്‍ അപസ്മാരം ഉണ്ടായിട്ടുണ്ടെങ്കില്‍ വാഹനം ഓടിക്കുന്നതില്‍ നിന്നും തല്‍ക്കാലം വിട്ടുനില്‍ക്കുക
 
സീഷര്‍ കൂടുതല്‍ വഷളാക്കുന്ന മരുന്നുകള്‍ 
 
* ഫ്‌ലൂറോക്വിനോ ലോണ്‍ ആന്റിബയോട്ടിക്കുകള്‍ (ഉദാ: സിപ്രൊഫ്‌ലോക്‌സാസിന്‍)
 
* മെട്രോണിഡാസോള്‍
 
* ബുപ്രോപ്പിയോണ്‍
 
* ട്രാമാഡോള്‍
 
* ഫസ്റ്റ് ജനറേഷന്‍ ആന്റി ഹിസ്റ്റമിന്‍സ്
 
ഒരു പുതിയ ചികിത്സാരീതിയോ മരുന്നു തുടങ്ങുന്നതിനു മുന്‍പ് തീര്‍ച്ചയായും അപസ്മാര രോഗത്തെക്കുറിച്ച് ഡോക്ടറെ അറിയിക്കുകയും ചെയ്യുക.
 
ടോണിക് - ക്ലോണിക് സീഷര്‍ വന്നാല്‍ എന്ത് ചെയ്യണം? 
 
ടോണിക്ക് - ക്ലോണിക് സീഷര്‍ അനുഭവപ്പെട്ടാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 
 
ശാന്തമായിരിക്കുക - ഫലപ്രദമായ സഹായം നല്‍കുന്നതിന് രോഗിയെ ശാന്തമാക്കുക.
 
തല സംരക്ഷിക്കുക - ഈയൊരു അവസ്ഥയില്‍ പരിക്കുകളും മറ്റും ഉണ്ടാവാന്‍ സാധ്യത ഉള്ളതുകൊണ്ട് തന്നെ അത് തടയാന്‍ ഒരു കുഷ്യന്റെയോ മറ്റോ സഹായത്താല്‍ തല ഇടിക്കുന്നത് ഒഴിവാക്കുക. 
 
തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടോ എന്ന് പരിശോധിക്കുക - രോഗിക്ക് അപസ്മാരം ഉണ്ടെന്ന തരത്തില്‍ വിവരങ്ങള്‍ അടങ്ങിയ കാര്‍ഡ് അല്ലെങ്കില്‍ ഐഡന്റിഫിക്കേഷന്‍ ജ്വല്ലറി എന്നിവ ഉണ്ടോ എന്ന് പരിശോധിക്കുക. ഇത് പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിന് സഹായകമായി മാറും. 
 
അപകട സാധ്യതകള്‍ ഒഴിവാക്കുക - അപായപ്പെടാന്‍ സാധ്യതയുള്ളതോ ദോഷം വരുത്താനോ മറ്റോ ഇടയാക്കുന്ന വസ്തുക്കള്‍ ആ പരിസരത്ത് ഉണ്ടെങ്കില്‍ ഉടന്‍തന്നെ അവ മാറ്റുക. 
 
സുരക്ഷിതസ്ഥാനത്ത് കിടത്തുക - കൃത്യമായ വായു സഞ്ചാരം ഉറപ്പാക്കിയ ദിശയിലേക്ക് രോഗിയെ കിടത്താനായി ശ്രദ്ധിക്കുക. 
 
വസ്ത്രങ്ങള്‍ ലൂസാക്കുക - ഇറുകിയ വസ്ത്രങ്ങള്‍ ആണെങ്കില്‍, പ്രത്യേകിച്ച് കഴുത്തിലെ വസ്ത്രം ഇറുകിയത് ആണെങ്കില്‍ അത് ലൂസാക്കുന്നത് രോഗിക്ക് കൂടുതല്‍ ആശ്വാസമാകും.
 
സമയം ശ്രദ്ധിക്കുക - അപസ്മാരം വന്നാല്‍ എത്ര നേരം അത് നീണ്ടുനിന്നു എന്ന്  നിരീക്ഷിക്കുക. 
 
റിക്കവറി പൊസിഷന്‍ - സീഷര്‍ അവസാനിച്ചു കഴിഞ്ഞാല്‍ തലയും കാലുകളും ഒരു വശത്തേക്ക് ആക്കി ആ വ്യക്തിയെ റിക്കവറി പൊസിഷനില്‍ ആക്കുക.
 
സീഷര്‍ അനുഭവപ്പെടുന്ന സമയത്ത് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ 
 
* സീഷര്‍ അനുഭവപ്പെടുന്ന വ്യക്തിയുടെ വായില്‍ ഒന്നും വയ്ക്കരുത്. ഇത് കൂടുതല്‍ അപകടകരമായേക്കാം. 
 
* അവരുടെ ചലനങ്ങളെ നിയന്ത്രിക്കുകയും തടയുകയോ ചെയ്യരുത്. 
 
* ഒരു അപകടസാധ്യത മുന്നില്‍ കണ്ടാല്‍ അല്ലാതെ അവരെ യഥാസ്ഥാനത്തുനിന്ന് മാറ്റരുത്.
 
* പൂര്‍ണ്ണമായും സുഖപ്പെടാതെ അവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ നല്‍കരുത്. 
 
ഇപ്പറഞ്ഞ മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെ അപസ്മാരം ബാധിച്ച വ്യക്തികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ സാധിക്കും. വ്യക്തിഗത നിര്‍ദ്ദേശങ്ങള്‍ക്കും ചികിത്സക്കും എപ്പോഴും ന്യൂറോളജിസ്റ്റുമായിബന്ധപ്പെടുക

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേനൽക്കാലത്ത് തേൻ കഴിക്കുന്നതിന്റെ ഗുണങ്ങൾ