ആരോഗ്യത്തിന്റെ കാര്യം വരുമ്പോൾ അധികം ചോക്ലേറ്റോന്നും കഴിക്കണ്ട എന്നാണ് നാം പൊതുവെ കേട്ടിട്ടുള്ളത്. ആരോഗ്യത്തിന് നല്ലതല്ലെന്ന് കരുതി മാറ്റിവെച്ച ചോക്ലേറ്റും ചീസും വൈനും നിങ്ങളുടെ ആയുർദൈർഘ്യം വർധിപ്പിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ജേർണൽ ഓഫ് അൽഷ്യമേഴ്സ് ഡിസീസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ദിവസവും ഇവ മിതമായ അളവിൽ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ആയുർദൈർഘ്യം വർധിപ്പിക്കാനും സഹായിക്കുമെന്ന് കണ്ടെത്തി.
1787 പേരുടെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി 10 വർഷമാണ് ഗവേഷകർ പഠനം നടത്തിയത്. റെഡ് വൈൻ, ചീസ്, ചോക്ലറ്റ് പോലുള്ളവ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ പട്ടികയിലാണ് പൊതുവെ ഉൾപ്പെടുത്തുക. എന്നാൽ ഇവയുടെ മിതമായ ഉപഭോഗം ഹൃദയാരോഗ്യവും തലച്ചോറിൻറെ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ദിവസവും ഡാർക്ക് ചോക്ലേറ്റ് 12 ഗ്രാം വീതം കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയും 12 ശതമാനം വരെ അതു സംബന്ധിച്ചുള്ള മരണസാധ്യത കുറയ്ക്കുമെന്ന് യുഎസ് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 2022ൽ നടത്തിയ പഠനത്തിൽ പറയുന്നു. ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദത്തെ ചെറുക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് രക്തയോട്ടം മെച്ചപ്പെടാനും രക്തസമ്മർദം കുറയാനും കൊളസ്ട്രോൾ ക്രമീകരിക്കാനും സഹായിക്കുന്നു.
ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയ തിയോബ്രോമിൻ, കഫീൻ തുടങ്ങിയ സംയുക്തങ്ങൾ തലച്ചോറിന്റെ പ്രവർത്തനം, ഏകാഗ്രത, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. എൻഡോർഫിൻ ഉൽപാദനം വർധിക്കാനും സഹായിക്കും. 70 ശതമാനം കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് പരമാവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കാൻ സഹായിക്കും.