മൂന്ന് തരം പാരന്റിങ് രീതി; ഏതാണ് കുട്ടികള്‍ക്ക് വേണ്ടത്
അതോറിറ്റേറ്റീവ് പാരന്റിങ് രീതിയില്‍ കുറച്ചുകൂടെ നല്ല ഫലം ലഭിക്കുമെന്നാണ് മനശാസ്ത്രത്തില്‍ നമ്മള്‍ പഠിക്കുന്നത്
കുട്ടികള്‍ക്കു ഏതു രീതിയില്‍ ശിക്ഷണം നല്‍കണമെന്നതിനെ കുറിച്ച് പൊതുവെ മാതാപിതാക്കള്‍ക്ക് ഒട്ടേറെ സംശയങ്ങളുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് കുട്ടികള്‍ക്കു നല്‍കുന്ന ശിക്ഷണ രീതിയിലും കാതലായ മാറ്റങ്ങള്‍ വേണമെന്നാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസി. പ്രൊഫസര്‍ ഡോ. എം ടോം വര്‍ഗീസ് പറയുന്നത്. കുട്ടികളുടെ അഭിപ്രായങ്ങള്‍ക്കു വില നല്‍കി, അവരില്‍ ആത്മാഭിമാനം വളര്‍ത്തി കൂടുതല്‍ മെച്ചപ്പെട്ട പാരന്റിങ് രീതി സമൂഹം അവലംബിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
' മനശാസ്ത്രപരമായി നോക്കുമ്പോള്‍ മൂന്ന് തരം പാരന്റിങ് ആണ് കാണപ്പെടുന്നത്. ഒന്നാമത്തേത് 'അതോറിറ്റേറിയന്‍ പാരന്റിങ്'. കുറച്ച് പഴയ ചിന്താഗതിയുള്ള ആളുകളുടെ പാരന്റിങ് ആണിത്. 'ഞങ്ങള്‍ അങ്ങോട്ട് പറയുന്നത് കേട്ടാല്‍ മതി, ഇങ്ങോട്ടൊന്നും പറയണ്ട' എന്നൊരു രീതി. അതില്‍ കുട്ടികളുടെ അഭിപ്രായങ്ങള്‍ക്ക് വലിയ വിലയില്ല, മാതാപിതാക്കളാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. എന്തെങ്കിലും തെറ്റുകള്‍ പറ്റിയാല്‍ കുട്ടികളെ അപ്പോള്‍ തന്നെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നൊരു സമ്പ്രദായമാണത്. ആദ്യം അടികൊടുത്തതിനു ശേഷമായിരിക്കും 'എന്താണ് കാര്യം' എന്നു അവര്‍ അന്വേഷിക്കുക. അതാണ് ഒരു ഗ്രൂപ്പ് ഓഫ് പാരന്റിങ്. രണ്ടാമത്തേത് 'പെര്‍മിസീവ് പാരന്റിങ്' രീതിയാണ്. നേരത്തെ പറഞ്ഞ രീതിക്ക് നേരെ എതിരാണ് 'പെര്‍മിസീവ് പാരന്റിങ്'. പൊതുവെ ന്യൂജനറേഷന്‍ പാരന്റ്സിലാണ് ഇത് കണ്ടുവരുന്നത്. എല്ലാത്തിനും പൂര്‍ണമായി സ്വാതന്ത്ര്യം നല്‍കുന്ന സമ്പ്രദായമാണിത്. ശരി തെറ്റുകളെ കുറിച്ച് ആലോചിക്കാതെ കുട്ടികള്‍ എന്തുപറഞ്ഞാലും സാധിച്ചു കൊടുക്കുകയാണ് ഇവിടെ. കുട്ടികള്‍ എന്തെങ്കിലും മോശമായി പെരുമാറിയാലോ തെറ്റു ചെയ്താലോ മാതാപിതാക്കള്‍ തിരുത്തില്ല. ഈ രണ്ട് രീതികളും കുട്ടികളുടെ വളര്‍ച്ചയ്ക്കു ഒരുപാട് ദോഷം ചെയ്യും,' ഡോ. ടോം വര്‍ഗീസ് പറഞ്ഞു.
' അതോറിറ്റേറിയന്‍ പാരന്റിങ്ങിന്റെ പ്രശ്നം എന്താണെന്നു വച്ചാല്‍ കുട്ടികള്‍ക്ക് സ്വന്തമായി അഭിപ്രായം രൂപപ്പെടുത്താനോ തീരുമാനങ്ങളെടുക്കാനോ സാധിക്കില്ല. മാതാപിതാക്കള്‍ പറയുന്നത് മാത്രം കേട്ട് തീരുമാനങ്ങളെടുക്കുന്നവരാകും കുട്ടികള്‍. ഭാവിയെ കുറിച്ച് സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ സാധിക്കാത്തതിനൊപ്പം അവര്‍ക്ക് സ്വന്തമായി ഒരു വ്യക്തിത്വം രൂപപ്പെടുത്താനും സാധിക്കില്ല. അതോറിറ്റേറിയന്‍ പാരന്റിങ് രീതിയോടു പല കുട്ടികള്‍ക്ക് ഒരു വെറുപ്പും വിദ്വേഷവും തോന്നിയേക്കാം. ആ ഫ്രസ്ട്രേഷന്‍ അവര്‍ തീര്‍ക്കുന്നത് എന്തെങ്കിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും ലഹരിയെ ആശ്രയിച്ചുമൊക്കെ ആയിരിക്കാം. പെര്‍മിസീവ് പാരന്റിങ്ങിന്റെ പ്രശ്നം എന്താണെന്നു വെച്ചാല്‍ മാതാപിതാക്കള്‍ എല്ലാം സാധിച്ചുതരുന്ന സാഹചര്യം ഉള്ളതുകൊണ്ട് ഈ ലോകം മുഴുവന്‍ അങ്ങനെയാണെന്ന് അവര്‍ക്ക് തോന്നും. തങ്ങള്‍ എന്ത് ആഗ്രഹിച്ചാലും അത് സാധ്യമാകുമെന്ന ഒരു തെറ്റായ ആത്മവിശ്വാസത്തിലേക്ക് അവര്‍ എത്തും. എന്നാല്‍ അത് ഒരിക്കലും നടക്കില്ല. എല്ലാം വാശിപിടിച്ചു നേടാമെന്ന അവരുടെ ധാരണയ്ക്കു കോട്ടം തട്ടുമ്പോള്‍ അത് മാനസികമായി അവരെ തളര്‍ത്തും. അങ്ങനെയുള്ള കുട്ടികളില്‍ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവ് കുറവായിരിക്കും. പിന്നീട് ആ കുട്ടികള്‍ ഡിപ്രഷനിലേക്കോ ലഹരിക്ക് അടിമകളാകുകയോ ചെയ്തേക്കാം. ഈ രണ്ട് പാരന്റിങ് രീതികളുമല്ല ഇപ്പോഴത്തെ ആധുനിക ലോകത്ത് നമുക്ക് ആവശ്യം,'
' അതോറിറ്റേറിയന്‍ പാരന്റിങ്ങിനും പെര്‍മിസീവ് പാരന്റിങ്ങിനും ഇടയില്‍ നില്‍ക്കുന്ന 'അതോറിറ്റേറ്റീവ് പാരന്റിങ്' ആണ് അഭികാമ്യം. നേരത്തെ പറഞ്ഞ രണ്ട് രീതികളുടെയും ഗുണങ്ങള്‍ മാത്രം എടുത്തുകൊണ്ട് പ്രയോഗിക്കുന്ന രീതിയാണ് അതോറിറ്റേറ്റീവ് പാരന്റിങ്. ഒരു തെറ്റ് കുട്ടി ചെയ്തു കഴിഞ്ഞാല്‍ ആദ്യമേ തന്നെ ശിക്ഷിക്കുകയോ അല്ലെങ്കില്‍ ഒട്ടും ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതിനു പകരം ആദ്യം ആ വിഷയത്തെ കുറിച്ച് കുട്ടിയോടു സംസാരിക്കുക. 'എന്തിനാണ് നീ ഇങ്ങനെ ചെയ്തത്?' ' നീ ഇങ്ങനെ ചെയ്യുന്ന ആളല്ലല്ലോ?' എന്നെല്ലാം ചോദിച്ച് കുട്ടിയുടെ പെര്‍സ്പക്ടീവ് മനസിലാക്കുക. കുട്ടിക്ക് പറയാനുള്ളതെല്ലാം കേട്ട ശേഷം തിരുത്തുകയും ആരോഗ്യകരമായ രീതിയില്‍ എന്തെങ്കിലും ശിക്ഷ കൊടുക്കുകയും ചെയ്യുക. ചെയ്തത് തെറ്റാണെന്ന് കുട്ടിക്ക് തന്നെ മനസിലാകുകയാണ് വേണ്ടത്. ഒരു കാര്യം നിര്‍ബന്ധ ബുദ്ധിയോടെ ചെയ്യിപ്പിക്കുന്നതിനു പകരം കുട്ടികളുമായി അതേകുറിച്ച് സംസാരിക്കാനും അവരുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കാനും തയ്യാറാകണം. മാതാപിതാക്കള്‍ മാത്രമല്ല വീട്ടിലെ മുതിര്‍ന്നവരും ഈ രീതിയില്‍ കുട്ടികളെ സമീപിക്കണം. എന്തിനാണ് ഇങ്ങനെയൊരു നിയന്ത്രണം വെച്ചിരിക്കുന്നത്, എന്തിനാണ് എന്നെ ശിക്ഷിക്കുന്നത്, ഞാന്‍ ചെയ്ത തെറ്റ് എന്താണ് എന്നെല്ലാം കുട്ടികള്‍ക്കു തന്നെ മനസിലാകുകയും ബോധ്യപ്പെടുകയും ചെയ്യുമ്പോള്‍ ആ ശിക്ഷണ രീതി കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കും. കുട്ടികളെ കേള്‍ക്കാനും അവര്‍ക്ക് സ്പേസ് നല്‍കാനും തുടങ്ങുമ്പോള്‍ അവരില്‍ ആത്മാഭിമാനം രൂപപ്പെടും. അതോറിറ്റേറ്റീവ് പാരന്റിങ് രീതിയില്‍ കുറച്ചുകൂടെ നല്ല ഫലം ലഭിക്കുമെന്നാണ് മനശാസ്ത്രത്തില്‍ നമ്മള്‍ പഠിക്കുന്നത്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.