പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ഒരു പ്രശ്‌നമായി മാറുകയാണെങ്കില്‍, അത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാം. ഈ അവസ്ഥയെ ഹൈപ്പര്‍സോമ്‌നിയ എന്ന് വിളിക്കുന്നു. ഈ അവസ്ഥയില്‍ ഭക്ഷണം കഴിക്കുകയോ സംസാരിക്കുകയോ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും ഒരു വ്യക്തിക്ക് ദിവസം മുഴുവന്‍ അമിത ക്ഷീണവും മയക്കവും അനുഭവപ്പെടുന്നു.
നാര്‍ക്കോലെപ്സി, റെസ്റ്റ്‌ലെസ് ലെഗ് സിന്‍ഡ്രോം, സ്ലീപ് അപ്നിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍, വിഷാദം എന്നിങ്ങനെ ഹൈപ്പര്‍സോമ്‌നിയയ്ക്ക് വിവിധ കാരണങ്ങളുണ്ട്. ചില മരുന്നുകള്‍, അമിതമായ മദ്യപാനം അല്ലെങ്കില്‍ മയക്കുമരുന്ന് ഉപഭോഗം എന്നിവയും ഈ അവസ്ഥയ്ക്ക് കാരണമാകും. ഇത് ഒരു പരിധി വരെ അകറ്റാന്‍ സാധിക്കാം. കാപ്പി, ചായ, സോഡ തുടങ്ങിയ പാനീയങ്ങള്‍ നിങ്ങളെ ഉണര്‍ന്നിരിക്കാന്‍ സഹായിക്കും. എന്നിരുന്നാലും, അമിതമായ കഫീന്‍ ഉപയോഗം നിങ്ങളുടെ രാത്രി ഉറക്കത്തെ ബാധിക്കും, അതിനാല്‍ വൈകുന്നേരം കഫീന്‍ കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 15 മിനിറ്റ് നടത്തം പോലും അലസത കുറയ്ക്കാന്‍ സഹായിക്കും.
നിര്‍ജലീകരണം ക്ഷീണത്തിന് കാരണമാകും. പ്രത്യേകിച്ച് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക. ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത് നിങ്ങളുടെ കണ്ണുകള്‍ക്ക് ആയാസമുണ്ടാക്കുകയും നിങ്ങള്‍ക്ക് ഉറക്കം തോന്നിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ കണ്ണുകള്‍ക്ക് വിശ്രമം നല്‍കാന്‍ നിങ്ങളുടെ സ്‌ക്രീന്‍ ടൈം കുറയ്ക്കുക. എന്തൊക്കെ പരീക്ഷിച്ചിട്ടും പകലുറക്കം ഒരു പ്രശ്‌നമായി മാറുകയാണെങ്കില്‍ അതിന് പിന്നിലുള്ള ശരിക്കുള്ള കാരണമെന്തെന്ന് കണ്ടെത്താന്‍ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.