ഇനി നിറം നോക്കി പഴങ്ങൾ കഴിക്കൂ, അർബുദത്തെ അകറ്റൂ...
പഴങ്ങളുടെ നിറത്തിലും കാര്യമുണ്ട്...
പഴവർഗ്ഗങ്ങൾ കഴിക്കുന്നത് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പഴങ്ങളുടെ നിറങ്ങളിൽ എന്തെങ്കിലും കാര്യമുണ്ടോ എന്ന് അറിയുന്നവരുണ്ടോ? നമ്മളിൽ ഭൂരിപക്ഷം പേരും ശ്രദ്ധിക്കാത്ത കാര്യമാണിത്. എന്നാൽ അറിഞ്ഞോളൂ പഴങ്ങൾക്ക് നിറം നൽകുന്ന ബീറ്റ-ക്രിപ്‌റ്റോസാന്തിൻ എന്ന പിഗ്മെന്റിന് ശ്വാസകോശ അർബുദത്തെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ബോസ്‌റ്റോൺ സർവകലാശലായിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ബീറ്റ-ക്രിപ്‌റ്റോസാന്തിൻ എന്ന പിഗ്മെന്റ് അടങ്ങിയ പഴവർഗ്ഗങ്ങൾ കൂടുതലായി കഴിക്കുന്നത് പുകവലി കാരണമുണ്ടാകുന്ന ശ്വാസകോശ അർബുദത്തെ ചെറുക്കാൻ സഹായിക്കുമെന്നും ഈ പഠനം കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ അമിതമായെത്തുന്ന നിക്കോട്ടിൻ എന്ന രാസഘടകത്തെ ചെറുത്ത് അർബുദത്തെ ചെറുക്കാൻ സഹായിക്കുന്നു.
ഓറഞ്ച്, പപ്പായ തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന ബീറ്റ-ക്രിപ്‌റ്റോസാന്തിൻ കോശങ്ങളിലെ അർബുദ വ്യാപനത്തെ ചെറുക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ. കാൻസറിന് കാരണമാകുന്ന നിക്കോട്ടിനിലെ രാസവസ്‌തു എലികളിൽ കുത്തിവെച്ച ശേഷം ദിനംപ്രതി ബീറ്റ-ക്രിപ്‌റ്റോസാന്തിൻ നൽകി നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഇത് സ്ഥിരീകരിച്ചത്.