ആരോഗ്യകരമായ ജീവിതത്തിന് നിലവാരമുള്ള ഉറക്കം അനിവാര്യമാണ്. എത്രമണിക്കൂര്‍ നേരം ഉറങ്ങുന്നു എന്നതിനൊപ്പം എത്രത്തോളം നിലവാരമുള്ള ഉറക്കമാണ് ലഭിക്കുന്നത് എന്നത് നിര്‍ണായകമാണ്. ഇടതടവില്ലാതെ തുടര്‍ച്ചയായി 7-8 മണിക്കൂര്‍ നേരമാണ് ഒരാള്‍ ഉറങ്ങേണ്ടത്. ഇത്തരത്തില്‍ തടസ്സങ്ങളില്ലാതെ ഉറങ്ങാന്‍ സാധിക്കണമെങ്കില്‍ ചില കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഉറക്കത്തെ ഇല്ലാതെയാക്കുന്ന ആല്‍ക്കഹോള്‍,കഫീന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ദിവസവും 30 മിനിറ്റ് നേരമെങ്കിലും വ്യായാമം ശീലമാക്കാം. ദിവസവും വ്യായാമം ചെയ്യുന്നത് മാനസിക പിരിമുറുക്കം മുറയ്ക്കുകയും ഉറക്കത്തിന്റെ നിലവാരത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇന്ന് തലമുറഭേദമില്ലാതെ എല്ലാവരുടെയും ഉറക്കം കെടുത്തുന്നതില്‍ കമ്പ്യൂട്ടര്‍,മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് വലിയ പങ്കാണുള്ളത്. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഇവ മാറ്റിവെയ്ക്കാന്‍ ശ്രദ്ധിക്കാം.
രാത്രി നേരത്തെ ഉറങുന്നതും പകല്‍ നേരത്തെ എണീക്കുന്നതുമാണ് ആരോഗ്യകരമായ രീതി. ഈ ശീലം സ്വാഭാവികമായി തന്നെ നിങ്ങളുടെ ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തും.രാവിലെ ഉന്മേഷത്തോടെ ദിവസത്തിന് തുടക്കം കുറിയ്ക്കാന്‍ ഇത് സഹായകമാകുന്നു. നിലവാരമുള്ള ഉറക്കം മാനസിക പിരിമുറുക്കത്തെ കുറയ്ക്കും. മാനസികമായ പിരിമുറുക്കം കുറയ്ക്കാന്‍ യോഗ,ബ്രീത്തിംഗ് വ്യായാമങ്ങള്‍ എന്നിവ ചെയ്യാവുന്നതാണ്. കൂടാതെ ഉറങ്ങുന്നതിന് മുന്‍പ് ചൂട് വെള്ളത്തില്‍ കുളിയ്ക്കുന്നതും ഉറക്കം മെച്ചപ്പെടുത്തും. എപ്പോഴും ശരീരം ജലാംശമുള്ളതായി സൂക്ഷിക്കുന്നതും ഉറക്കത്തിന് ഗുണം ചെയ്യും. എന്നാല്‍ ഉറക്കത്തിന് തൊട്ട് മുന്‍പ് വെള്ളം കുടിച്ചാല്‍ ഉറക്കത്തിനിടയില്‍ മൂത്രമൊഴിക്കാനുള്ള പ്രവണതയുണ്ടാക്കും. അതിനാല്‍ തന്നെ ഉറക്കത്തിന് തൊട്ടുമുന്‍പുള്ള വെള്ളം കുടി ഉപേക്ഷിക്കാം. ഉച്ചയുറക്കം ആവാമെങ്കിലും അത് 2030 മിനിറ്റില്‍ ഒതുങ്ങുന്നുണ്ടോ എന്നതും ശ്രദ്ധിക്കേണ്ടതാണ്.