സ്ത്രീ ഋതുമതിയാകുന്ന ആ ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പോലും പുറത്താക്കപ്പെടാറുണ്ട്. ചില നാടുകളിൽ ഇപ്പോഴും സ്ത്രീകൾ ആ സമയങ്ങളിൽ ‘പുറത്താകാറുണ്ട്’. സമൂഹമുണ്ട് ഓരോ സമൂഹവും ആര്‍ത്തവത്തെ ഓരോ തരത്തിലാണ് നോക്കിക്കാണുന്നത്. പലയിടങ്ങളിലും സ്ത്രീ അശുദ്ധയെന്ന് പറഞ്ഞ് അകറ്റി നിര്‍ത്തപ്പെടുന്നത് ആര്‍ത്തവത്തിന്റെ പേരിലുമാണ്.
ആർത്തവം ഉള്ള സമയങ്ങളിൽ ശാരീരിക അസ്വസ്തകൾക്ക് പുറമേ മാനസികമായ അസ്വസ്തതകളും അവൾക്കുണ്ടാകാറുണ്ട്. അതിനിടയിലാണ് സമൂഹം കൽപ്പിക്കുന്ന ചില അന്ധവിശ്വാസങ്ങളുടെ ഇരയാകേണ്ടിയും വരുന്നത്. അത്തരത്തിൽ പെൺകുട്ടികൾ അനുഭവിച്ച, ഇപ്പൊഴും നമ്മുടെ ചില നാടുകളിൽ അനുഭവിച്ച് പോരുന്ന ചില അന്ധവിശ്വാസങ്ങൾ നിരവധിയാണ്.
അതിലൊന്നാണ് ‘പുറത്താകൽ’. മാസമുറ ആരംഭിച്ച് കഴിഞ്ഞാല്‍ അവളെ വീട്ടില്‍ നിന്നും തെക്കിനിയെന്നും തീണ്ടാരിമുറിയെന്നുമൊക്കെ ഓമനപ്പേരുള്ള പ്രത്യേക മുറിയിലേക്ക് മാറ്റിപാര്‍പ്പിക്കും. അന്ന് മുതൽ അവൾ തൊട്ടുകൂടാൻ പറ്റാത്തവൾ ആണ്. ഭക്ഷണവും വെള്ളവുമെല്ലാം അവൾക്കായി മറ്റൊരു മുറിയിലായിരിക്കും. ആരേയും കാണാൻ പോലും പാടില്ല. ആര്‍ത്തവം അവസാനിച്ച് കഴിഞ്ഞ് കുളത്തിലോ പുഴയിലോ പോയി അടിച്ചു തെളിച്ചു കുളിച്ച് അത് വരെ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും പായയും ഉള്‍പ്പടെ കഴുകിയെടുത്ത് 'ശുദ്ധ’യായ ശേഷം മാത്രമേ അവൾക്ക് വീട്ടിനകത്തേക്ക് പ്രവേശനമുണ്ടായിരുന്നുള്ളു. ആർത്തവ സമയത്തെ ക്ഷീണം ഒഴിവാക്കാൻ പെൺകുട്ടികൾക്ക് വിശ്രമം എന്ന രീതിയിലായിരുന്നു ആദ്യമൊക്കെ ഇത്. എന്നാൽ, പിന്നീട് ആണ് അത് ഒരു ആചാരമെന്ന രീതീലേക്ക് മാറിയത്. ഇന്നും ചിലയിടങ്ങളിൽ ഈ ‘ആചാരം’ നിലനിൽക്കുന്നുണ്ട്.
ആർത്തവം ഉള്ള ദിവസങ്ങളിൽ കുളിക്കാൻ പാടില്ലെന്ന് ചിലയിടങ്ങളിൽ പറയാറുണ്ട്. ആര്‍ത്തവത്തിന്റെ നാലാം ദിനമേ പെണ്‍കുട്ടികളെ തല കഴുകാന്‍ സമ്മതിക്കുകയുള്ളു. മുടി പെട്ടന്ന് കൊഴിയുമെന്നാണ് ഇക്കൂട്ടർ കരുതുന്നത്. എന്നാൽ, എപ്പോഴുമെന്ന പോലെ ആ ദിവസങ്ങളിലും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്.
തുളസി, വേപ്പ് എന്നിവ തൊടരുതെന്ന് മുതിർന്നവർ പറയാറുണ്ട്. ദൈവാംശമുള്ള ഔഷധങ്ങളായാണ് ഇവയെ കാണുന്നത്. ആർത്തവം അശുദ്ധമെന്ന് കൽപ്പിക്കുന്ന സമൂഹമാണ് ഈ സമയങ്ങളിൽ ഇവയിൽ സ്പർശിച്ചാൽ അത് വാടിയോ കരിഞ്ഞോ പോകുമെന്ന് പറയുന്നത്. എന്നാൽ, ഇതിനു യാതൊരു വിധ അടിസ്ഥാനങ്ങളും ഇല്ല എന്നതും മറ്റൊരു സത്യം.
ചൂടുവെള്ളത്തിലുള്ള കുളി കൂടുതൽ രക്തം നഷ്ടപ്പെടുന്നതിനു കാരണമാകുമെന്ന ഒരു അബദ്ധധാരണയും ഇക്കൂട്ടർക്കുണ്ട്. എന്നാൽ, മറിച്ചാണ് സംഭവിക്കുക. ചൂടുവെള്ളം രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. അത് രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കും. രക്തനഷ്ടമല്ല മറിച്ച് ആര്‍ത്തവ രക്തം കൃത്യമായി പുറന്തള്ളാനാണ് സഹായിക്കുക.