Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക പുകയിലരഹിത ദിനം: ബോധവത്കരണ പരിപാടികളുമായി ആരോഗ്യവകുപ്പ്

ലോക പുകയിലരഹിത ദിനം: ബോധവത്കരണ പരിപാടികളുമായി ആരോഗ്യവകുപ്പ്
, ചൊവ്വ, 31 മെയ് 2022 (15:42 IST)
പുകയില ഉപയോഗത്തിനെതിരായ ബോധവത്കരണ പരിപാടികളുമായി ആരോഗ്യവകുപ്പ്. ലോകപുകയിലരഹിത ദിനമായ ഇന്ന് മുതൽ ജൂൺ 13 വരെ രണ്ടാഴ്ചയാണ് ബോധവത്കരണപരിപാടികൾ നടത്തുക.
 
ആരോഗ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം 
 
 
ഇന്ന് പുകയില രഹിത ദിനം. 'പുകയില: പരിസ്ഥിതിക്കും ഭീഷണി' എന്നതാണ് ഈ വര്‍ഷത്തെ ലോക പുകയില രഹിത ദിന സന്ദേശം. പുകയിലയുടെ ഉപയോഗം രോഗങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം പുകയിലയുടെ കൃഷി, ഉത്പാദനം, വിതരണം, മാലിന്യം എന്നിവ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
 
പുകയില വിരുദ്ധ ക്ലിനിക്കുകള്‍ ഈ വര്‍ഷം മുതല്‍ സബ് സെന്റര്‍ തലത്തില്‍ കൂടി ആരംഭിക്കുന്നതാണ്. ജെപിഎച്ച്എന്‍, ജെഎച്ച്‌ഐ എന്നിവര്‍ക്ക് പരിശീലനം നല്‍കി പുകവലി ശീലം ഉള്ളവര്‍ക്ക് കൗണ്‍സിലിംഗും ആവശ്യമായവര്‍ക്ക് ചികിത്സയും നല്‍കുന്നു. തൃശൂര്‍ ജില്ലയില്‍ 25 സബ് സെന്ററുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കുന്നതാണ്. രണ്ടാം ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ ഉപയോഗം 12.7 ശതമാനമാണ്.
 
ഒന്നാം സര്‍വേയില്‍ 21.4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതല്‍ 17 വയസുള്ളവരില്‍ ഇതിന്റെ ഉപയോഗം നേരിയ തോതില്‍ വര്‍ധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. മാത്രവുമല്ല പൊതുസ്ഥലങ്ങളിലും ഗാര്‍ഹികവുമായുള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്‌ക്രിയ പുകവലിക്ക് കാരണമാക്കുന്നു എന്നത് പുകവലിക്കാത്തവരെയും ഇത് ആരോഗ്യപരമായി ബാധിക്കുന്നു എന്നതിന്റെ തെളിവാണ്. പുകയിലയുടെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിഞ്ഞ് അവ ഉപേക്ഷിക്കണം.
 
പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്ന ഒരു വിപത്താണ്. കേരളത്തില്‍ പുകയില മൂലമുള്ള മരണ കാരണങ്ങളുടെ പട്ടികയില്‍ പുകയിലജന്യമായ ഹൃദ്രോഗവും, വദനാര്‍ബുദവും, ശ്വാസകോശാര്‍ബുദവുമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പുരുഷന്മാരില്‍ കാണുന്ന അര്‍ബുദത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പുകയിലജന്യമായ ശ്വാസകോശാര്‍ബുദവും രണ്ടാമത് പുകയിലജന്യമായ വദനാര്‍ബുദവുമാണ്. ഒരു ലക്ഷത്തില്‍ അയ്യായിരം പേര്‍ക്ക് ബാധിക്കുന്ന ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സി.ഒ.പി.ഡി) എന്ന ഗുരുതര ശ്വാസകോശത്തിന്റെ ഹേതുക്കളില്‍ പ്രധാനകാരണം പുകയിലയാണ്. ഇതിന് പുറമേ പക്ഷാഘാതം, ശ്വാസകോശ രോഗങ്ങള്‍, ആസ്ത്മ, ക്ഷയരോഗം എന്നിവ വര്‍ധിക്കുന്നതിലും പുകയിലയുടെ പങ്ക് വളരെ വലുതാണ്.
 
സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ദിശയുടെ ടോള്‍ ഫ്രീ നമ്പറുകളായ 1056, 104 എന്നിവ പുകവലി നിര്‍ത്തുന്നവര്‍ക്കുള്ള ക്വിറ്റ് ലൈനായി കൂടി പ്രവര്‍ത്തിക്കുന്നു. പുകയില ഉപയോഗം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ നമ്പറുകളില്‍ വിളിച്ച് ഡോക്ടര്‍മാര്‍, സൈക്കോളജിസ്‌റ്, സൈക്ക്യാട്രിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കാം. കൂടാതെ സി.ഒ.പി.ഡി രോഗത്തിന്റെ പ്രതിരോധത്തിനും, നിയന്ത്രണത്തിനും ചികിത്സക്കും വേണ്ടിയുള്ള ശ്വാസ് ക്ലിനിക്കുകള്‍, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്കുകള്‍, മാനസികാരോഗ്യ ക്ലിനിക്കുകള്‍ എന്നിവ വഴിയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രാഥമികതലം മുതല്‍ പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സയും കൗണ്‍സിലിംഗും ലഭ്യമാണ്.
 
ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ദിനാചരണത്തിന്റെ ഭാഗമായി കാമ്പയിന്‍ മോഡില്‍ ബോധവത്ക്കരണ പരിപാടികള്‍, മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുകയില വിമുക്തമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിക്കും. ഇതിനായി എന്‍.എസ്.എസ് യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. മെയ് 31 ന് തൃശൂര്‍ ജില്ലയിലെ 19 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ പുകയില വിമുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്ത് 13നും 15നും വയസിനിടയില്‍ പുകവലിക്കുന്ന കുട്ടികളുടെ എണ്ണം 14മില്യണിലേറെ!