Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചോറ് തിന്ന് മരിക്കുന്ന മലയാളികള്‍'; 'ചോറ് നിര്‍ത്തി പത്ത് ചപ്പാത്തി തിന്നിട്ട് കാര്യമില്ല': വൈറലായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

'ചോറ് തിന്ന് മരിക്കുന്ന മലയാളികള്‍'; 'ചോറ് നിര്‍ത്തി പത്ത് ചപ്പാത്തി തിന്നിട്ട് കാര്യമില്ല': വൈറലായി ഫെയ്‌സ്ബുക്ക് പോസ്റ്റ്
, ശനി, 9 ഏപ്രില്‍ 2022 (14:38 IST)
ഭക്ഷണ മെനുവില്‍ ചോറ് ഇല്ലെങ്കില്‍ പൊതുവെ മലയാളികള്‍ക്ക് ഒരു തൃപ്തിയുണ്ടാകില്ല. മലയാളികളുടെ ഇഷ്ട വിഭവമാണ് ചോറ്. മൂന്ന് നേരം ചോറുണ്ണുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍ അമിതമായ ചോറ് തീറ്റ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇതേ കുറിച്ച് നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചോറിന്റെ അമിതമായ ഉപയോഗത്തെ തുടര്‍ന്ന് എന്തൊക്കെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് ഈ പോസ്റ്റില്‍ പറയുന്നു. 
 
ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
 
ചോറ് തിന്നു 'മരിക്കുന്ന' മലയാളികള്‍...
 
ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തിയ പഠനപ്രകാരം  കേരളത്തില്‍ ഏതാണ്ട് ഇരുപത്തി അഞ്ച് ശതമാനം മുതല്‍ മുതല്‍ മുപ്പത് ശതമാനം വരെ ആളുകള്‍ക്ക് പ്രേമേഹം, അധിക രക്തസമ്മര്‍ദ്ധം, അമിത വണ്ണം , അമിത കൊളസ്‌ട്രൊള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്‍പ്പെടുന്ന മെറ്റബോളിക് സിന്‍ഡ്രോം ഉണ്ട്. അതും നമ്മള്‍ കരുതുന്നതില്‍ നിന്ന് വ്യത്യസ്തമായി, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവരേക്കാള്‍ ഉയര്‍ന്ന തോതില്‍ ഈ രോഗങ്ങള്‍ ഉണ്ട് താനും. ഇത് ലോകത്തിലെ തന്നെ ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. (അമേരിക്കയിലും ഇത് വളരെ കൂടുതലാണ് , ഫാസ്റ്റ് ഫുഡ് കഴിക്കുന്ന സാമൂഹിക സാമ്പത്തിക നിലയില്‍ താഴെയുള്ള വിഭാഗങ്ങളിലാണ് ഇത് ഇവിടെ കൂടുതല്‍ കണ്ടുവരുന്നത്)
 
നാട്ടില്‍ വരുമ്പോള്‍ ഹോട്ടലുകളിലും , വിവാഹ സദ്യകളിലും, മീന്‍ കറി ഉള്ള സമയത്ത് വീട്ടിലും നമ്മള്‍ കഴിക്കുന്ന ചോറിന്റെ അളവ് കാണുമ്പോള്‍ ഇതില്‍ എനിക്ക് വലിയ അത്ഭുതം തോന്നാറില്ല. ഇവിടെ ഒരു സമയത്ത് ഞാന്‍ കഴിക്കുന്ന ചോറിന്റെ ഇരട്ടിയാണ് പലപ്പോഴും നാട്ടില്‍ കഴിക്കാന്‍ ആദ്യം ഇടുന്നത് തന്നെ, ഹോട്ടലിലും കല്യാണത്തിനും വീണ്ടും ചോറ് വാങ്ങി കഴിക്കുന്നത് കാണുമ്പോള്‍, ഇപ്പോള്‍ എന്റെ വയറു പൊട്ടിപോകുന്നത് പോലെ തോന്നാറുണ്ട്, പക്ഷെ നാട്ടിലുള്ള സമയത്ത് ഞാനും ഇതുപോലെ കഴിച്ചിരുന്ന ഒരാളാണ്.  എന്റെ ബാപ്പ, ഉമ്മ , അവരുടെ മാതാപിതാക്കള്‍ എന്നിവര്‍ വഴി എനിക്കും പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലായത് കൊണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി ചോറിന്റെ അളവ് കുറച്ചതിനു ശേഷം മാത്രമാണ്, ഞാന്‍ വളരെ അധികം ചോറാണ് കഴിച്ചുകൊണ്ടിരുന്നത് എന്ന് എനിക്ക് ബോധ്യമായത്.
പക്ഷെ എന്തുകൊണ്ടായിരിക്കും മലയാളികള്‍ ഇത്രമാത്രം ചോറ് കഴിക്കാന്‍ കാരണം? അതിനു ചരിത്രപരമായി എന്തെങ്കിലും കാരണമുണ്ടാകാന്‍ സാധ്യതയുണ്ടോ? ഇതുപോലെ ഉയര്‍ന്ന മെറ്റബോളിക് സിന്‍ഡ്രോം ഉള്ള വേറെ ഒരു രാജ്യത്തെ കുറച്ചു പേരുടെ കഥ നോക്കാം.
 
1944 മെയ് മാസത്തില്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി ജര്‍മനി  ഹോളണ്ട് പിടിച്ചെടുത്തു. ജര്‍മന്‍ പട്ടാളക്കാര്‍ക്ക് വേണ്ടി ഹോളണ്ടിലെ ഭക്ഷണം ജര്‍മനിയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. ഏതാണ്ട് ഇരുപത്തി രണ്ടായിരം പേരുടെ മരണത്തിനു കാരണമായ പട്ടിണിയിലേക്കാണ് ഹോളണ്ട് ചെന്നെത്തിയത്. 1945 ല്‍ ജര്‍മനിയുടെ കീഴടങ്ങല്‍ വരെ ഈ പട്ടിണി നിലനിന്നു. 

യുദ്ധം കഴിഞ്ഞു വളരെ നാള്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ വിചിത്രമായ ഒരു സംഗതി കണ്ടെത്തി. ജര്‍മനി ഹോളണ്ട്  പിടിച്ചെടുക്കുന്ന സമയത്ത് ഗര്‍ഭാവസ്ഥയില്‍ ഉണ്ടായിരുന്ന കുഞ്ഞുങ്ങള്‍ ജനിച്ച് മുതിര്‍ന്നവരായി കഴിഞ്ഞപ്പോള്‍ അവര്‍ക്ക് മേല്പറഞ്ഞ 'മെറ്റബോളിക് സിന്‍ഡ്രോം' മറ്റ് ഹോളണ്ടുകാരെക്കാള്‍ വളരെ കൂടുതലാണെന്ന് അവര്‍ കണ്ടെത്തി. ഇതിന്റെ കാരണം തിരക്കി പോയ ഗവേഷകര്‍ കണ്ടെത്തിയത് വളരെ രസകരമായി ഒരു കാര്യമായിരുന്നു. ഒരു മനുഷ്യന്റെ ശരീരം ഗര്‍ഭാവസ്ഥയില്‍ തന്നെ അതിനു പുറത്തുള്ള സാഹചര്യം മനസിലാക്കി അതിനു അനുകൂലമായി ശരീരത്തെ പ്രാപ്തമാക്കാന്‍ വേണ്ടി ചില ജീനുകള്‍ ഓണ്‍ ചെയ്യുകയോ ഓഫ് ചെയ്യുകയോ ചെയ്യുന്നു എന്നതാണ് ആ കണ്ടെത്തല്‍. നമ്മുടെ ശരീരത്തില്‍ ഇരുപതിനായിരത്തില്‍  അധികം  ജീനുകള്‍ ഉണ്ടെങ്കിലും എല്ലാം എപ്പോഴും  പ്രവര്‍ത്തനക്ഷമം അല്ല, മറിച്ച് ചില ജീനുകള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ പ്രാപ്തമായതോ , ചില സാഹചര്യങ്ങളി പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നവയോ ആണ്. Epigenetics എന്നാണ് ജീനുകളുടെ ഈ സ്വഭാവം പഠിക്കുന്ന പഠനശാഖയെ പറയുന്നത്. 
 
The Dutch Hunger Winter എന്നറിയപ്പെടുന്ന മുന്‍ സന്ദര്‍ഭത്തില്‍ ആറു മാസം വരെ പ്രായമുണ്ടായിരുന്ന ഗര്‍ഭസ്ഥ ശിശുക്കള്‍, പട്ടിണി മൂലം  പെട്ടെന്നു ഭക്ഷണം ലഭിക്കാത്ത ഒരു സാഹചര്യം അഭിമുഖീരിച്ചു. ഈ അനുഭവം, ഗര്‍ഭസ്ഥ ശിശുക്കളുടെ  ശരീരത്തില്‍ ഭക്ഷണം ശേഖരിച്ചു വയ്കുന്നത് നിയന്ത്രിക്കുന്ന ചില ജീനുകളെ 'സ്വിച്ച് ഓഫ്' ചെയ്തു വയ്ക്കാന്‍ ഇടയാക്കി. പുറത്തു അധികം ഭക്ഷണം കിട്ടാത്ത ഒരു ലോകത്തേക്കാണ് താന്‍ ജനിക്കാന്‍ പോകുന്നത് എന്നും കിട്ടുന്ന എല്ലാ കാര്‍ബോ ഹൈഡ്രേറ്റും  കൊഴുപ്പും ശരീരത്തില്‍ ശേഖരിച്ചു വയ്ക്കണം എന്ന രീതിയാണ് ഇത്തരം കുട്ടികളുടെ ശരീരത്തില്‍  പ്രോഗ്രാം ചെയ്തു വയ്ക്കപ്പെട്ടത്.
 
പക്ഷെ ഈ കുട്ടികള്‍ ജനിച്ചു വളരാന്‍ തുടങ്ങിയ സമയത്ത് യുദ്ധം കഴിയുകയും ആവശ്യത്തിന് ഭക്ഷണം ലഭിക്കാന്‍ തുടങ്ങുകയും ചെയ്തു. പക്ഷെ ഇവരുടെ ശരീരത്തിലെ ജീനുകള്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനും, കഴിക്കുന്ന ഭക്ഷണം കൊഴുപ്പ് ആയി ശേഖരിച്ചു വയ്ക്കാനും പ്രോഗ്രാം ചെയ്യപ്പെട്ടത് കൊണ്ട്, ഇത് അമിത വണ്ണത്തിനും പ്രേമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും കാരണമായി. ഇവര്‍ ഈ രോഗങ്ങള്‍ മൂലം നേരത്തെ മരണപ്പെടുകയും ചെയ്യുന്നു. ( ഇതിന്റെ പറ്റി ന്യൂ യോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു ലേഖനം കമന്റില്‍  ചേര്‍ക്കാം)
 
ഇതും മലയാളികള്‍ ആവശ്യത്തില്‍ കൂടുതല്‍ ചോറ് തിന്നുന്നതും തമ്മില്‍ ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല, പക്ഷെ എന്റെ ഉമ്മയുടെ ഉമ്മ ജീവിച്ചിരുന്ന സമയത്ത് രണ്ടാം ലോകമഹായുദ്ധ കാലത്ത്  കൊച്ചിയില്‍ നേരിട്ട ദുരിത കഥ  എന്നോട് പറയുണ്ടായിരുന്നു. ചോറ് മുതല്‍ സോപ്പ് വരെ ക്ഷാമം നേരിട്ട കാലത്ത് വല്ലപ്പോഴും കിട്ടുന്ന  മരച്ചീനിയും ചേമ്പും  മറ്റും കഴിച്ചു ജീവിച്ചതും, സോപ്പ് കിട്ടാത്തത് കൊണ്ട് ചാരം ഉപയോഗിച്ച് തുണി കഴുകിയതും എല്ലാം. ഹോളണ്ടിലെ  ഭക്ഷണം ജര്മനിയിലേക്കാണ് കയറ്റുമതി ചെയ്തത് എങ്കില്‍ ഇന്ത്യയിലെ അരിയും ഗോതമ്പും ചര്‍ച്ചിലിന്റെ നിര്‍ദേശപ്രകാരം ഇംഗ്ലണ്ടിലേക്കാണ് കയറ്റുമതി ചെയ്യപ്പെട്ടത്. ഹോളണ്ടില്‍ ഇരുപതിനായിരം പേരാണ് മരിച്ചതെങ്കില്‍ ബംഗാളിലെ 1943 ക്ഷാമകാലത്ത് ഇരുപത് മുതല്‍ മുപ്പത് ലക്ഷം ആളുകളാണ് പട്ടിണി കിടന്നു മരിച്ചത്, അതും ആവശ്യത്തിനു മഴ കിട്ടിയ ഒരു വര്‍ഷം. രണ്ടാം ലോകമഹായുദ്ധം ജയിച്ച  ചര്‍ച്ചില്‍ ഇന്ത്യയ്ക്ക് എന്നും ഒരു വില്ലനായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനെ വളരെ എതിര്‍ത്തിരുന്ന ഒരാള്‍ കൂടിയായിരുന്നു ചര്‍ച്ചില്‍. ഭാഗ്യത്തിന് യുദ്ധം കഴിഞ്ഞു വന്ന തിരഞ്ഞെടുപ്പില്‍ പുള്ളി തോറ്റു , ക്ലമന്റ് ആറ്റ്‌ലീ പ്രധാനമന്ത്രിയാവുകയും, സ്വാതന്ത്രിന് വേണ്ടി സമരം ചെയ്തിരുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള  പല ബ്രിട്ടീഷ് കോളനികള്‍ക്കും സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു. 
 
ഒരു പക്ഷെ ആ പട്ടിണികാലവും  നമ്മുടെ ഇന്നത്തെ  ഭക്ഷണരീതിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടാകാം. ആരെങ്കിലും ഇതിനെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ല. 
പക്ഷെ ഒരു കാര്യമുറപ്പാണ്, ഇതുപോലെ ചോറ് കഴിക്കാന്‍ ആണ് മലയാളിയുടെ തീരുമാനമെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രമേഹ, അധിക രക്തസമ്മര്ദം, കൊളെസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലി രോഗ നിരക്കുകളുടെ അവാര്‍ഡ് നമുക്ക് തന്നെ ആയിരിക്കും.  ഇനിയുള്ള കാലം മലയാളികള്‍ മരിക്കാന്‍ പോകുന്നത് ചോറ് കിട്ടാതെ ആവില്ല, മറിച്ച് കൂടുതല്‍ ചോറ് കഴിച്ചു വരുന്ന രോഗങ്ങള്‍ കൊണ്ടാകും. 
 
അനുബന്ധം  : ഗര്‍ഭത്തില്‍ ഇരിക്കുന്ന കുട്ടിയെ അമ്മയുടെ ദാരിദ്ര്യം  സ്വാധീനിക്കുമെങ്കില്‍, അമ്മ അനുഭവിക്കുന്ന ടെന്‍ഷന്‍ അവര്‍ കടന്നു പോകുന്ന സാഹചര്യം എല്ലാം കുട്ടിയെ ബാധിക്കുമെന്ന് ഉറപ്പാണ്. ഇതിനെ കുറിച്ച് വിശദമായി പിന്നൊരിക്കല്‍ എഴുതാം. മലയാളികള്‍ കഴിക്കുന്ന ചോറും ബീഫും നമ്മുടെ പ്രകൃതിയെ എങ്ങിനെ മോശമായി ബാധിക്കുന്നു എന്നും വേറെ ഒരിക്കല്‍ എഴുതാം. പക്ഷെ മലയാളിയോട് ചോറും ബീഫ് കഴിക്കരുത് എന്ന് പറയാനുള്ള ധൈര്യമൊന്നും എനിക്കില്ല. എനിക്ക് ഇനിയും നാട്ടിലൊക്കെ വരേണ്ടതാണ്  ??
 
അനുബന്ധം 2 : ചോറിന് പകരം എന്ത് കഴിക്കും? എന്റെ അറിവ് വച്ച് ചോറ് നിങ്ങളുടെ ശാരീരിക അധ്വാനം അനുസരിച്ച് ആവശ്യത്തിന് മാത്രം ഉള്‍പ്പെടുത്തി,  കൂടെ പച്ചക്കറി , മത്സ്യം, പഴവര്‍ഗങ്ങള്‍ തുടങ്ങി ബാലന്‍സ് ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുക. നമ്മള്‍ പലപ്പോഴും കുറെ ചോറും വളരെ കുറച്ച് കറിയും ആണ് കഴിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റ് ആവശ്യത്തിന് മാത്രം കഴിക്കണം. വേറെ ഒന്ന് glycemic index കുറഞ്ഞ ഗോതമ്പ് - ചപ്പാത്തി അരി- ചോറിന് പകരം കഴിച്ചാല്‍ അത് പതുക്കെ മാത്രമേ ദേഹത്ത് ആഗിരണം ചെയ്യപ്പെടുകയുള്ളൂ. പക്ഷേ ചപ്പാത്തിയും ആവശ്യത്തിന് മാത്രം കഴിക്കണം. ചോറ് നിര്‍ത്തി പത്ത് ചപ്പാത്തി തിന്നിട്ട് കാര്യം ഇല്ല ??
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവസം ഒരു നേരം മാത്രം ചോറുണ്ണുക; ഭക്ഷണം നിയന്ത്രിക്കേണ്ടത് ഇങ്ങനെ