ജീവിതത്തിന്റെ ബാലപാഠങ്ങള്‍ കുട്ടികള്‍ പഠിക്കുന്നത് വീട്ടില്‍ നിന്നാണ്. അടിസ്ഥാനപരമായ പല കാര്യങ്ങളും അവരുടെ ചുറ്റുപാടില്‍ നിന്ന് കുഞ്ഞുങ്ങള്‍ മനസ്സിലാക്കും. അതുകൊണ്ടുതന്നെ അവരില്‍ സത്യസന്ധത വളര്‍ത്തുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അവരുടെ സ്വഭാവരൂപീകരണത്തില്‍ ഇത് വലിയൊരു പങ്കുവഹിക്കുന്നു.
മാതാപിതാക്കള്‍ സത്യസന്ധരായി പെരുമാറുന്നത് കുട്ടികള്‍ക്ക് അത് പിന്തുടരാനുള്ള പ്രചോദനം നല്‍കും.
കുട്ടികള്‍ പറയുന്ന കള്ളത്തരത്തിന് അവരെ ശിക്ഷിക്കുന്നത് നല്ല കാര്യമല്ല. പകരം കാര്യങ്ങള്‍ അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു കൊടുക്കുക. ശിക്ഷകള്‍ നല്‍കുന്നത് കുഞ്ഞുങ്ങള്‍ക്ക് അമിതമായി ഭയം ഉണ്ടാക്കാം. ജീവിതത്തില്‍ കള്ളം പറയുന്നത് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുക വിശ്വസ്തത നശിപ്പിക്കാനും ബന്ധങ്ങള്‍ തകര്‍ക്കാനും ഇത് കാരണമാകും എന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക.
കുഞ്ഞുങ്ങള്‍ ചെയ്യുന്ന ചെറിയ നല്ല കാര്യങ്ങളില്‍ പോലും അഭിനന്ദിക്കാന്‍ മറക്കരുത്. സത്യസന്ധമായി ചെയ്യുന്ന കാര്യങ്ങള്‍ ചെറുതാണെങ്കിലും അതിന് അവരെ അഭിനന്ദിക്കുന്നത് അവര്‍ക്ക് നല്‍കുന്ന പ്രോത്സാഹനമായി തീരും.
കുട്ടികള്‍ക്ക് അവരുടെ എല്ലാ കാര്യങ്ങളും സംസാരിക്കാനുള്ള ഒരു ഇടം വീട്ടില്‍ ഒരുക്കണം. ഇത്തരം സാഹചര്യങ്ങള്‍ അവരുടെ തെറ്റുകളും കാഴ്ചപ്പാടുകളും ഒക്കെ തുറന്ന് സംസാരിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കും. സത്യസന്ധതയെ കുറിച്ചുള്ള കഥകളും കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങളും അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നത് കൊണ്ട് കാര്യങ്ങള്‍ എളുപ്പത്തില്‍ അവര്‍ക്ക് മനസ്സിലാകാന്‍ സാധിക്കും.