കപ്പ നമ്മൾ പുഴുങ്ങിയും കൂട്ടാൻ വച്ചും വറുത്തുമെല്ലാം കഴിക്കുന്നത് സാധാരണയാണ്. നാടൻ വിഭവമാണെങ്കിലും കറിവച്ച് അധികമാരും കഴിക്കാറില്ല. കാരണം മറ്റൊന്നുമല്ല. കപ്പകൊണ്ട് നല്ല നാടൻ കറി തയ്യാറാക്കാൻ പലർക്കും അറിയില്ല. ഒരു തലമുര നമുക്ക് സമ്മാനിച്ച ഈ നാടൻ രുചികളൊന്നും നമ്മൾ മറന്നുകൂടാ. വീട്ടിൽ ഒന്നു പരീക്ഷിച്ച് നോക്കിയാലോ കപ്പ കറി ?
കപ്പ കറി ഉണ്ടാക്കാൻ വേണ്ട ചേരുവകൾ ആദ്യം തയ്യാറാക്കി വക്കാം
കപ്പ പുഴുങ്ങിയത് - രണ്ട് കപ്പ്
ചെറിയ ഉള്ളി - നാലെണ്ണം
വെളുത്തുള്ളി - 6 അല്ലി
പച്ചമുളക് - രണ്ടെണ്ണം
കറിവേപ്പില - ഒരു തണ്ട്
മുളകുപൊടി - ഒന്നര ടീസ്പൂൺ
മഞ്ഞള്‍ പൊടി - കാൽ ടീസ്പൂണ്‍
തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) - കാൽകപ്പ്
കടുക് - കാൽ ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യാൻ ആവശ്യത്തിന് എണ്ണ
കപ്പ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
കപ്പ നേരത്തെ തന്നെ പുഴുങ്ങി ഊറ്റി വക്കുക. തുടർന്ന് വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചതച്ചു മാറ്റി വക്കണം. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചതച്ചുവച്ചിരിക്കുന്ന വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചെർത്ത് മൂപ്പിക്കുക പിന്നാലെ തന്നെ പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക.
ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർക്കാം ഇത് നന്നായി എണ്ണയിൽ മൂത്തുകഴിഞ്ഞാൽ വേവിച്ചു വച്ചിരിക്കുന്ന കപ്പ ഇതിലേക്ക് ചേർത്ത് ഒന്നുടച്ച് മിക്സ് ചെയ്തെടുക്കുക. സേഷം അൽപം വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിക്കാം.
കപ്പ വെന്ത് ഏകദേഷം കുഴമ്പ് രൂപത്തിലാകുമ്പോൾ ഇതിലേക്ക് കട്ടിയുള്ള തേങ്ങാപാൽ ചേർത്ത് അൽപനേരംകൂടി വേവിക്കാം. തേങ്ങാപാൽ ചേർത്ത ശേഷം അധികനേരം വേവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്ര സിംപിളാണ് കപ്പ കറി എന്ന വിഭവം.