ഇന്ത്യക്കാര്‍ അപമാനിതരായെന്ന വിമര്‍ശനം; യുഎസിന്റെ ഭാഗത്തു തെറ്റൊന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ, മൂന്നാം ബാച്ച് അമൃത്സറിലെത്തി
ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യക്കാരുമായുള്ള ആദ്യ ബാച്ച് വിമാനം എത്തിയത്
യുഎസില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി മൂന്നാം ബാച്ച് വിമാനം ഇന്ത്യയിലെത്തി. 112 ഇന്ത്യക്കാരാണ് ഞായറാഴ്ച രാത്രി അമൃത്സറിലെത്തിയ വിമാനത്തില്‍ ഉണ്ടായിരുന്നത്.
യുഎസ് എയര്‍ഫോഴ്‌സിന്റെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഞായറാഴ്ച രാത്രി 10.03 നു അമൃത്സറില്‍ ലാന്‍ഡ് ചെയ്തു. ഇതില്‍ പഞ്ചാബില്‍ നിന്നുള്ള 31 പേരും 44 ഹരിയാനക്കാരും ഗുജറാത്തില്‍ നിന്നുള്ള 33 പേരും ഉണ്ടായിരുന്നു. രണ്ട് ഉത്തര്‍പ്രദേശുകാര്‍, ഹിമാചല്‍പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നുമുള്ള ഓരോരുത്തരും ഉണ്ടായിരുന്നു.
ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യക്കാരുമായുള്ള ആദ്യ ബാച്ച് വിമാനം എത്തിയത്. 104 ഇന്ത്യക്കാരാണ് ആദ്യ ബാച്ചില്‍ നാട്ടിലെത്തിയത്. 116 പേരുമായി രണ്ടാമത്തെ ബാച്ച് വിമാനം കഴിഞ്ഞ ശനിയാഴ്ച എത്തി. കൈകളില്‍ വിലങ്ങ് അണിയിച്ച് കടുത്ത നിയന്ത്രണങ്ങളോടെയാണ് യുഎസ് ഇന്ത്യക്കാരെ നാട്ടിലേക്ക് അയച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ യുഎസുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നും ഇന്ത്യക്കാര്‍ അപമാനിതരായിട്ടില്ലെന്നുമാണ് ഇന്ത്യ സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.