Benjamin Netanyahu: അറസ്റ്റ് പേടിച്ച് നെതന്യാഹു; അമേരിക്കയിലേക്ക് എത്തിയത് 600 കിലോമീറ്റര്‍ ചുറ്റിവളഞ്ഞ്, കാരണം ഇതാണ്
നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ 'വിങ്‌സ് ഓഫ് സായന്‍' ആണ് ഇസ്രയേലില്‍ നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ അധിക ദൂരം പറന്നത്
Benjamin Netanyahu: ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എത്തിയത് 600 കിലോമീറ്റര്‍ അധികം സഞ്ചരിച്ചെന്ന് റിപ്പോര്‍ട്ട്. അറസ്റ്റ് ഭയന്നാണ് വിമാനത്തിന്റെ റൂട്ട് മാറ്റിയതെന്നാണ് വിവരം.
നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ 'വിങ്‌സ് ഓഫ് സായന്‍' ആണ് ഇസ്രയേലില്‍ നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ അധിക ദൂരം പറന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മുകളിലൂടെയുള്ള പറക്കല്‍ ഒഴിവാക്കാനാണ് ചുറ്റിവളഞ്ഞ പാത തിരഞ്ഞെടുക്കേണ്ടിവന്നത്.
ഗാസയിലെ നരഹത്യയില്‍ രാജ്യാന്തര ക്രിമിനല്‍ കോടതി 2024 നവംബറില്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ അംഗങ്ങളായ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാന്‍ അവകാശമുണ്ട്. ഇതില്‍ പേടിച്ചാണ് നെതന്യാഹു ന്യൂയോര്‍ക്കിലേക്കുള്ള ആകാശപാതയില്‍ യൂറോപ്യന്‍ രാജ്യങ്ങളെ ഒഴിവാക്കിയത്.
സഞ്ചാരപാത മാറ്റിയത് സംബന്ധിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. യുഎന്നിലെ പൊതു സമ്മേളനത്തില്‍ പങ്കെടുത്തശേഷം നെതന്യാഹു യുഎസ് പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. തങ്ങളുടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റു ചെയ്യുമെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ മുകളിലൂടെ പറന്നാല്‍ ചിലപ്പോള്‍ വിമാനം നിലത്തിറക്കേണ്ട സാഹചര്യം വന്നേക്കാം. അതുകൊണ്ടാണ് 600 കിലോമീറ്റര്‍ അധികം സഞ്ചരിച്ച് നെതന്യാഹു ന്യൂയോര്‍ക്കില്‍ എത്തിയത്.