ഇറാന് നഷ്ടമെ ഉണ്ടാകു, ട്രംപുമായി ഒരു ചർച്ചയ്ക്കുമില്ലെന്ന് ഖമയ്നി, ഇസ്രായേലിനെതിരെ കടുപ്പിച്ച് അറബ് രാജ്യങ്ങളും
ആണവ ആയുധങ്ങള്‍ നിര്‍മിക്കുന്നതായി ആരോപിച്ച് കഴിഞ്ഞ ജൂണില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെ യുഎസും ഇറാനില്‍ വ്യോമാക്രമണം നടത്തിയിരുന്നു.
ആണവ പദ്ധതികള്‍ സംബന്ധിച്ച് ഇനി യുഎസുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് വ്യക്തമാക്കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമയ്‌നി. ഇന്നലെ യുഎന്നില്‍ നടത്തിയ പ്രസംഗത്തില്‍ ഇറാന്‍ പ്രസിഡന്റായ മസൂദ് പെസെഷ്‌കിയാനും ഇതേ നിലപാട് ആവര്‍ത്തിച്ചതോടെ ഇറാന്‍- യുഎസ് ഭിന്നത തുടരുമെന്നത് ഉറപ്പായിരിക്കുകയാണ്. ആണവ ആയുധങ്ങള്‍ നിര്‍മിക്കുന്നതായി ആരോപിച്ച് കഴിഞ്ഞ ജൂണില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെ യുഎസും ഇറാനില്‍ വ്യോമാക്രമണം നടത്തിയിരുന്നു.
സമാധാന ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കെയുണ്ടായ ആക്രമണം നയതന്ത്ര മര്യാദകളുടെ ലംഘനമാണെന്ന് ഇറാന്‍ പ്രസിഡന്റ് യുഎന്നില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുഎസുമായി ചര്‍ച്ചാസാധ്യതകള്‍ അവസാനിച്ചതായി ഖമയ്‌നി വ്യക്തമാക്കിയത്. യുറേനിയം പദ്ധതികള്‍ ഇറാന്‍ തുടരുമെന്നും ഖമയ്‌നി വ്യക്തമാക്കി. സ്വന്തം നേട്ടം ലക്ഷ്യമിട്ടാണ് ട്രംപ് ചര്‍ച്ചകള്‍ വേണമെന്ന് പറയുന്നത്. എന്നിട്ടത് തന്റെ ക്രെഡിറ്റായി വിളിച്ചുപറയും. ഇറാന് അത്തരം ചര്‍ച്ചകള്‍ കൊണ്ട് നഷ്ടം മാത്രമെ ഉണ്ടാവുകയുള്ളു. ഖമയ്‌നി പറഞ്ഞു.
അതേസമയം വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ നീക്കം എല്ലാ സീമകളുടെയും ലംഘനമാണെന്നും യുഎസ് മധ്യസ്ഥതയെടുത്ത് ഉറപ്പാക്കിയ ഇസ്രായേല്‍- യുഎഇ ഉടമ്പടി അപ്രസക്തമായി മാറുമെന്നും യുഎഇ വ്യക്തമാക്കി. യുഎന്നില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗത്തിലേക്കാണ് എല്ലാവരും കാതോര്‍ക്കുന്നത്.