യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന് വിശേഷിക്കപ്പെടുന്ന നികുതി, ചെലവ് കുറയ്ക്കല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്ന ബില്‍ യു എസ് സെനറ്റില്‍. ബില്‍ പാസാക്കുന്നതിനുള്ള അവസാന വട്ട വോട്ടെടുപ്പിനായാണ് ബില്‍ സെനറ്റിലെത്തിയത്. ട്രംപിന്റെ ബില്ലിനെ അടിമത്ത ബില്‍ എന്ന് വിശേഷിപ്പിച്ച വ്യവസായ ഭീമനായ ഇലോണ്‍ മസ്‌ക് ബില്‍ പാസാക്കിയാല്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് ഭീഷണി മുഴക്കി.
സാധാരണക്കാര വലിയ തോതില്‍ ബാധിക്കുന്നതാണ് ട്രംപിന്റെ ബില്ലെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാദം. കടപരിധി അഞ്ച് ട്രില്യണ്‍ ഡോളറാക്കി ബില്‍ വര്‍ധിപ്പിക്കുമെന്നും ഒരു കക്ഷി മാത്രമായി ഭരണം നടത്തുന്ന രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും ജനങ്ങളുടെ കരുതലിനായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള സമയമായെന്നും ഇലോണ്‍ മസ്‌ക് എക്‌സില്‍ കുറിച്ചു.
സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനായി പ്രചാരണം നടത്തുകയും എന്നാല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കടവര്‍ധനവിന് കാരണമാകുന്ന ബില്ലിനായി വോട്ട് ചെയ്യുകയും ചെയ്ത ഓരോ കോണ്‍ഗ്രസ് അംഗങ്ങളും ലജ്ജിച്ച് തലത്താഴ്ത്തണമെന്നും ഈ ഭ്രാന്തമായ ബില്‍ പാസായാല്‍ അടുത്ത ദിവസം തന്നെ റിപബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ബദലായി ജനങ്ങളുടെ ശബ്ദമായി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും മസ്‌ക് പറഞ്ഞു.
ആരോഗ്യ സംരക്ഷണം, നികുതി, അതിര്‍ത്തി സുരക്ഷ എന്നീ വിഷയങ്ങളില്‍ വലിയ മാറ്റങ്ങള്‍ ലക്ഷ്യമിടുന്ന ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ജൂലൈ നാലിന് മുന്‍പായി സെനറ്റില്‍ പാസാക്കാനാണ് നീക്കം. ബില്‍ നിലവില്‍ വന്നാല്‍ പ്രതിരോധമേഖല, ഊര്‍ജം, അതിര്‍ത്തി സുരക്ഷ എന്നിവയ്ക്കായി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുമെന്നും അതേസമയം ജനങ്ങളുടെ ആരോഗ്യ, പോഷകാഹാര ബദ്ധതികളിലെ ബജറ്റ് വിഹിതം വെട്ടിക്കുറക്കുമെന്നുമാണ് ബില്ലിനെതിരായ വിമര്‍ശനം. അതേസമയം ടെസ്ല പോലുള്ള കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ഇല്ലാതെയാകും എന്നതാണ് ഇലോണ്‍ മസ്‌ക് ബില്ലിനെ എതിര്‍ക്കാന്‍ കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.