അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെ വൻ സ്ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 30 ലേറെ പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
പര്‍വാന്‍ പ്രവിശ്യാ തലസ്ഥാനമായ ചരിക്കാറിലാണ് സ്‌ഫോടം. അതിനിടെ കാബൂളിലെ അതീവ സുരക്ഷയുള്ള ഗ്രീന്‍ സോണില്‍ മറ്റൊരു സ്‌ഫോടനമുണ്ടായി. രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു.
രണ്ട് സ്‌ഫോടനത്തിന്റെയും ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. അമേരിക്കന്‍ എംബസി, നാറ്റോ ആസ്ഥാനം, അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം എന്നിവ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണിലെ സ്‌ഫോടനം സര്‍ക്കാരിനെ ഞെട്ടിച്ചു.
ഈ മാസം 28ന് നടക്കുന്ന തെരഞ്ഞെടുപ്പ് റാലികളിലും പ്രചാരണങ്ങളിലും പങ്കെടുക്കരുതെന്ന് താലിബാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്‌തിരുന്നു. ഇതിനിടെ താലിബാനും അമേരിക്കയും നടത്തി വന്ന സമാധാന ചര്‍ച്ച പരാജയപ്പെടുകയും ചെയ്‌തു. ഇതാണ് തിരിച്ചടി നല്‍കാന്‍ താലിബാനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.