Publish Date: Wed, 29 Jan 2025 (14:44 IST)
Updated Date: Wed, 29 Jan 2025 (14:46 IST)
കാനഡയുടെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടായെന്ന് കനേഡിയന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി തുടരുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട് വരുന്നത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ നിരന്തരം ഇടപെടുന്നതായി കേന്ദ്രം കുറ്റപ്പെടുത്തി. കൂടാതെ നിയമവിരുദ്ധ കുടിയേറ്റത്തിനും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനും സഹായകമായ അന്തരീക്ഷമാണ് കാനഡ സൃഷ്ടിക്കുന്നതെന്നും കേന്ദ്രം ആരോപിച്ചു.
കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി ഇന്ത്യ ഏജന്റ് മാരെ ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടിലുള്ള ആരോപണം. കാനഡയുടെ തിരഞ്ഞെടുപ്പില്‍ സജീവമായി ഇടപെടുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ എന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദിപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ -കാനഡ ബന്ധത്തില്‍ വിള്ളല്‍ വീണു തുടങ്ങിയത്. സംഭവത്തില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു.