വാഷിങ്ടണ്‍: യുഎസ് കാപ്പിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ചുകയറി ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിൽ മരണം നാലായി. ട്രംപ് അനുകൂലികളാണ് മരിച്ച നാലുപേരും എന്നാണ് റിപ്പോർട്ടുകൾ. അതിക്രമിച്ചുകടക്കുന്നതിനിടെ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചതായി മെട്രോപോളിറ്റൻ പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന മുന്ന് പേർ കൂടി മരിച്ചതായി വാഷിങ്ടണ്‍ ഡിസി പൊലീസ് മേധാവി റോബര്‍ട്ട് കോണ്ടി വ്യക്തമാക്കി.
സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്, പാർലമെന്റ് വളപ്പിനുള്ളിനിന്നും രണ്ട് പൈപ്പ് ബോംബുകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കർഫ്യൂ ലംഘിച്ചതിനും കലാപമുണ്ടാക്കിയതിനും 52 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പിറ്റോൾ മന്ദിരത്തിന്റെ സുരക്ഷാ ചുമതല സുരക്ഷാ സേന ഏറ്റെടുത്തിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വാഷിങ്ടണിൽ നിരോധനാജ്ഞ 15 ദിവസത്തേയ്ക്ക് നീട്ടി.