അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന
ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്‌സ് മേഖലയിലെ അത്യന്താപേക്ഷിതമായ അപൂര്‍വ ധാതു കാന്തങ്ങള്‍ക്ക് മുകളില്‍ അമേരിക്കയെ ലക്ഷ്യമിട്ടാണ് ചൈന കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നത്.
അപൂര്‍വ ധാതുക്കളുടെ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് ഇളവുകള്‍ നല്‍കി ചൈന. അപൂര്‍വ ധാതു കാന്തങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കികൊണ്ടാണ് ചൈനയുടെ നടപടി. 6 മാസത്തെ കയറ്റുമതി നിയന്ത്രണത്തിന് ശേഷമാണ് ചൈന ഇന്ത്യയ്ക്ക് ഇളവുകള്‍ നല്‍കിയത്. ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്‌സ് മേഖലയിലെ അത്യന്താപേക്ഷിതമായ അപൂര്‍വ ധാതു കാന്തങ്ങള്‍ക്ക് മുകളില്‍ അമേരിക്കയെ ലക്ഷ്യമിട്ടാണ് ചൈന കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നത്.
ഈ നിയന്ത്രണത്തോടെ ഇലക്ട്രിക് കാര്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയുടെ നിര്‍മാണം ബാധിക്കപ്പെട്ടിരുന്നു.ഇന്ത്യയ്ക്ക് വാഹനവ്യവസായത്തിന് മാത്രം വര്‍ഷം 870 ടണ്‍ അപൂര്‍വധാതു കാന്തങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചൈനയുമായി ചര്‍ച്ച നടത്തിയത്.അപൂര്‍വ ധാതു കാന്തങ്ങള്‍ ചില ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇറക്കുമതി ചെയ്യാനുള്ള അനുമതിയാണ് ചൈന നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇവ യുഎസിലേക്ക് കയറ്റുമതി ചെയ്യരുതെന്ന നിബന്ധനയും ചൈന മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ അപൂര്‍വ ധാതു കാന്തങ്ങള്‍ പ്രതിരോധമേഖലയില്‍ ഉപയോഗിക്കരുതെന്നും നിബന്ധനയുണ്ട്.
ആഗോളതലത്തില്‍ അപൂര്‍വ എര്‍ത്ത് ലോഹങ്ങളുടെ ഖനനത്തിന്റെ 70 ശതമാനവും ചൈനയാണ് നിയന്ത്രിക്കുന്നത്. കൂടാതെ അപൂര്‍വ എര്‍ത്ത് മാഗ്‌നറ്റ് ഉത്പാദനത്തിന്റെ 90 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലാണ്.