നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിക്കുകയാണെങ്കിൽ അമേരിക്കയുടെ ഉടമസ്ഥാവകാശം ചൈനയ്‌ക്കായിരിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. കൗണ്‍സില്‍ ഫോര്‍ നാഷണല്‍ പോളിസിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് തന്റെ എതിർ സ്ഥാനാർഥിയായ ജോ ബൈഡനെതിരെ ട്രംപ് കടുത്ത ആരോപണം ഉന്നയിച്ചത്.
തന്റെ പ്രസംഗത്തിനിടയിൽ ബൈഡൻ ഒരിക്കൽ പോലും ചൈനയുടെ കാര്യം പറഞ്ഞില്ലെന്നും ട്രംപ് വിമർശിച്ചു. ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ നമ്മുടെ രാജ്യം പിന്നെ ചൈനയ്ക്ക് സ്വന്തം, നാമത് ഒരിക്കലും അനുവദിക്കില്ല, ട്രംപ് പറഞ്ഞു. ബൈഡന്റെ വിജയത്തിനായി ചൈന ആഗ്രഹിക്കുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും തന്റെ ജയം ചൈന ആഗ്രഹിക്കുമായിരുന്നെങ്കിൽ അത് തനിക്ക് അപമാനമാകുമായിരുന്നെന്നും ട്രംപ് പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിയെ പോലെ നാടിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന കക്ഷിയ്ക്ക് നല്ല ഭരണം കാഴ്ച വെയ്ക്കാനാവില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.