വാഷിങ്‌ടൺ: അമേരിക്ക ഒരു നേതൃത്വത്തിനായി കേഴുകയാണെന്ന് ഡെമോക്രാറ്റ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് ശേഷം പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനുമൊത്തുള്ള ആദ്യ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു കമല ഹാരിസ്.
രാജ്യത്ത് നിലനിൽക്കുന്ന വംശിയതയുടെയും അനീതിയുടെയും പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ് നമ്മൾ. മാറ്റം ആവശ്യപ്പെട്ട് തെരുവുകളിൽ പുതിയ കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ടെന്നും രാജ്യത്ത് നിലനിൽക്കുന്ന വംശിയതയെ അഭിമുഖീകരിക്കേണ്ടതുണ്ടെന്നും കമല ഹാരിസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍- ജമൈക്കന്‍ വംശജയായ കമല ഹാരിസിനെ ഡമൊക്രാറ്റുകള്‍ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്‌തത്. ജോ ബൈഡൻ വിജയിക്കുകയാണെങ്കിൽ കമലയാകും യുഎസ് വൈസ് പ്രസിഡന്റ്. ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന നേട്ടമാകും അങ്ങനെയെങ്കിൽ കമലയെ കാത്തിരിക്കുന്നത്.