ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27,000 കടന്നു. ലോകമാകെ ഇന്നലെ മാത്രം 62,000 കേസുകളാണ് രേഖപ്പെടുത്തിയത്. ഒരൊറ്റ ദിവസം രോഗം ബാധിച്ച് 3,000 ലധികം മരണങ്ങളും ഇന്നലെ സംഭവിച്ചു. ലോകമാകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണമിതോടെ 6 ലക്ഷത്തിനടുത്തെത്തി.കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 1.2 ലക്ഷം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഇറ്റലിയിൽ മാത്രം 900ന് മുകളിൽ മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇതോടെ രോഗം ബാധിച്ച് ഇറ്റലിയിൽ മരണപ്പെട്ടവരുടെ എണ്ണം 9,000 കടന്നു.
ഇറ്റലിക്ക് പുറമേ സ്പെയിനിൽ ഇന്നലെ 500ലേറെ മരണങ്ങൾ രേഖപ്പെടുത്തി.ഫ്രാൻസിൽ ഇന്നലെ മാത്രം 300 മരണങ്ങളും യുകെയിൽ 180ലധികം മരണങ്ങളും സ്ഥിരീകരിച്ചു.യൂറോപ്പിന് പുറമേ അമേരിക്കയിലും രോഗവ്യാപനം ശക്തമാവുകയാണ് ഇന്നലെ മാത്രം അമേരിക്കയിൽ 17,000ലധികം കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.ഇന്നലെ മാത്രം 300ന് മുകളിൽ മരണങ്ങളാണ് അമേരിക്കയിൽ സംഭവിച്ചത്. നിലവിൽ ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള രാജ്യമാണ് അമേരിക്ക. ഇതുവരെ ആറേക്കാൽ ലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തിയതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
അതേസമയം ഇന്നലെ ബ്രിട്ടണിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണും കൊവിഡ് സ്ഥിരീകരിച്ചു.കൊവിഡ് 19 സ്ഥിരീകരിച്ചിട്ടും അദ്ദേഹം തന്നെയാണ് പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കുകയെന്നും അറിയിച്ചു. നേരത്തെ ബ്രിട്ടണിലെ ആരോഗ്യമന്ത്രിക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.