കൊറോണാ ബോധവത്‌കരണത്തില്‍ സജീവമായിരുന്ന നടന്‍ സേതുരാമന്‍ ഹൃദയാഘാതം മൂലം മരിച്ചു

ജോര്‍ജി സാം

വെള്ളി, 27 മാര്‍ച്ച് 2020 (16:51 IST)
തമിഴ് സിനിമാതാരവും ഡെർമറ്റോളജിസ്റ്റുമായ ഡോ. സേതുരാമന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ അന്തരിച്ചു. 36 വയസായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ ‘കണ്ണാ ലഡ്ഡു തിന്ന ആസയാ’ എന്ന ചിത്രത്തിലൂടെയാണ് സേതു പ്രശസ്തനായത്. ആ സിനിമയുടെ വിജയത്തിനുശേഷം സേതുരാമൻ മൂന്ന് തമിഴ് ചിത്രങ്ങളിൽ കൂടി പ്രത്യക്ഷപ്പെട്ടു - 2016ൽ വാലിബ രാജ, 2017ൽ സക്ക പോഡ് പോഡു രാജ, 2019ൽ 50/50. ഒരു ടിവി ഷോയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
 
ചർമ്മവും കോസ്മെറ്റോളജിയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന ‘സി ക്ലിനിക്’ എന്ന ചെന്നൈയിലെ തന്റെ സ്വകാര്യ ക്ലിനിക്കിൽ മുഴുവൻ സമയ ഡെർമറ്റോളജിസ്റ്റായി ജോലി ചെയ്‌തുവരികയായിരുന്നു സേതുരാമൻ. ഭാര്യയും കുട്ടിയുമുണ്ട്.
 
കോവിഡ് 19 ബോധവത്‌കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ സജീവമായിരുന്നു ഡോ. സേതുരാമന്‍. അദ്ദേഹത്തിന്‍റെ ബോധവത്‌കരണ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
 
സേതുരാമന്‍റെ അകാലവിയോഗത്തില്‍ നടുങ്ങിനില്‍ക്കുകയാണ് കോളിവുഡ്. അനേകം താരങ്ങള്‍ സേതുരാമന് ആദരമര്‍പ്പിച്ച് സന്ദേശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സേതുരാമന്‍റെ സംസ്കാരച്ചടങ്ങില്‍ നടന്‍ സന്താനം ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 50 ട്രാൻസ് ജെൻഡേഴ്സിനു ഭക്ഷണമെത്തിച്ച് മഞ്ജു വാര്യർ!