ജനീവ: കൊവിഡിന്റെ ആഗോള വ്യാപനം പ്രതീക്ഷിച്ചതിലും കൂടുതൽ ഗുരുതരമാകുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അമേരിക്കൻ ഭൂഖണ്ഡത്തിൽ രോഗവ്യാപം തീവ്രമാവുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കിഴക്കൻ ഏഷ്യ, യൂറോപ്പ് എന്നിവയ്ക്ക് ശേഷം അമേരിക്കൻ ഭൂഖണ്ഡത്തിലാണ് ഇപ്പോൾ രോഗവ്യാപനം കൂടുതൽ. വർണവെറിക്കെതിരെ അമേരിക്കയിൽ ഉൾപ്പടെ നടക്കുന്ന പ്രതിഷേധങ്ങളിൽ കൃത്യമായ സാമൂഹിക അകലം പാലിക്കണം.
രോഗവ്യാപനത്തിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിൽ രോഗവ്യാപനം കൂടുതലാണ്. ബ്രസീലാണ് നിലവിൽ രോഗവ്യാപനത്തിന്റെ പ്രഭവ കേന്ദ്രങ്ങളിൽ ഒന്ന്. കഴിഞ്ഞ ഒൻപത് ദിവസമായി ഒരുലക്ഷം ആളുകൾക്ക് വീതം പുതുതായി രോഗബാധ ഉണ്ടായി. കഴിഞ്ഞ ഞായറാഴ്ച മാത്രം 1,36,000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം ആരംഭിച്ചിട്ട് ആറുമാസത്തിലേറെയായി എന്നാൽ ഒരു രാജ്യവും പ്രതിരോധ പ്രവർത്തനങ്ങളിൽനിന്നും പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.