യുദ്ധത്തിന് റഷ്യക്ക് സഹായം നല്‍കുന്നത് ഇന്ത്യയല്ല, യൂറോപ്പാണ്: യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്
ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയ എണ്ണ ഒടുവില്‍ യൂറോപ്യന്‍ വിപണികളിലേക്ക് തിരിച്ചുവരുമെന്ന് സ്‌കോട്ട് പറഞ്ഞു.
യുദ്ധത്തിന് റഷ്യക്ക് സഹായം നല്‍കുന്നത് ഇന്ത്യയല്ലെന്നും അത് യൂറോപ്പാണെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. നേരത്തേ ഇന്ത്യക്കെതിരെ വിമര്‍ശനം നടത്തിയിരുന്ന സ്‌കോട്ട് ബെസെന്റ് ഇപ്പോള്‍ തന്റെ വിമര്‍ശനം യൂറോപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയ എണ്ണ ഒടുവില്‍ യൂറോപ്യന്‍ വിപണികളിലേക്ക് തിരിച്ചുവരുമെന്ന് സ്‌കോട്ട് പറഞ്ഞു.
ഇന്ത്യ ഡിസ്‌കൗണ്ട് വിലയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങി ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങള്‍ എവിടേക്കാണ് പോകുന്നതെന്ന് ഊഹിക്കാമോ? അവര്‍ യൂറോപ്പിലേക്ക് മടങ്ങുകയാണ്. അതിനാല്‍ യൂറോപ്യന്മാര്‍ അവര്‍ക്കെതിരായ യുദ്ധത്തിന് ധനസഹായം നല്‍കുന്നു- സ്‌കോട്ട് ബെസെന്റ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സഹായിയായ ബെസെന്റ് ഇന്ത്യ റഷ്യന്‍ എണ്ണയുടെ പുനര്‍വില്‍പ്പനയില്‍ നിന്ന് ശതകോടിക്കണക്കിന് സമ്പാദിക്കുന്നുവെന്ന് നേരത്തെ ആരോപിച്ചിരുന്നു.
അതേ അഭിമുഖത്തില്‍, റഷ്യയുടെ ക്രൂഡോയിലിനെ ആശ്രയിക്കുന്നത് ഇന്ത്യ ക്രമേണ കുറയ്ക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ബെസെന്റ് പറഞ്ഞു. ഉപരോധങ്ങള്‍ ശക്തമാക്കാന്‍ യൂറോപ്യന്‍ പങ്കാളികളോടും അദ്ദേഹം ആവശ്യപ്പെട്ടു. 'റഷ്യക്കാര്‍ യൂറോപ്യന്മാരെ പരീക്ഷിക്കുകയാണ്, യൂറോപ്യന്‍ ദൃഢനിശ്ചയം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. സാമ്പത്തിക ഉപരോധങ്ങളുടെ കാര്യത്തില്‍ അവര്‍ എല്ലാം മേശപ്പുറത്ത് വയ്‌ക്കേണ്ടതുണ്ട്'- അദ്ദേഹം പറഞ്ഞു.