ടെല്‍ അവീവ്: ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം. യെമനില്‍ നിന്നും തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലാണ് വിമാനത്താവളത്തില്‍ പതിച്ചത്. ആക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണം സ്ഥിരീകരിച്ചതിന് പിന്നാലെ ഹൂതികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിരോധമന്ത്രിയുമായും സൈനികമേധാവികളുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ മന്ത്രിസമിതി യോഗവും ചേരും.
വിമാനത്താവളത്തിനോട് ചേര്‍ന്ന പൂന്തോട്ടത്തിലായിരുന്നു മിസൈലുകള്‍ പതിച്ചതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യെമനില്‍ നിന്നുള്ള നിരവധി മിസൈലുകള്‍ ഇതിനകം ഇസ്രായേല്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മന്‍, സ്പാനിഷ് വിമാനകമ്പനികള്‍ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി.