കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ല; ട്രംപിന് മുന്നറിയിപ്പുമായി ഇന്ത്യ
കാശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള നിലപാട്.
കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി ഇന്ത്യ. വിദേശകാര്യ വക്താവ് റണ്‍ധീര്‍ ജയ് സോളാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. കാശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള നിലപാട്. ആ നിലപാടില്‍ മാറ്റമില്ല. കാശ്മീര്‍ സംബന്ധിച്ച് പാക്കിസ്ഥാനുമായി ഒരേ ഒരു പ്രശ്‌നം അവര്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കുക എന്നതാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
കൂടാതെ പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളിലൂടെ സിന്ധു നദീജല കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഭീകര പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്‍ അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീജല കരാര്‍ ഉടമ്പടി നിര്‍ത്തിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ വെടിനിര്‍ത്തലിനുള്ള ആഹ്വാനം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നാണ് ആദ്യം വന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ നിന്ന് മെയ് 10ന് ഉച്ചയ്ക്ക് 12:30 ആണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയത്തിന് ഫോണ്‍ കോള്‍ വരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.