അഫ്ഗാനിസ്ഥാനുമായുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടതില്‍ ഇന്ത്യയ്ക്ക് നേരെ ആരോപണവുമായി പാകിസ്ഥാന്‍. അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുടെ ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്നും സമാധാനക്കരാറിന് അടുത്തെത്തി അവസാന നിമിഷം അത് അട്ടിമറിച്ചത് കാബൂളില്‍ നിന്നുള്ള ഇടപെടലാണെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
സമാധാന ചര്‍ച്ചകളില്‍ ധാരണയിലെത്തി. താലിബാന്‍ പ്രതിനിധികള്‍ ഇക്കാര്യം അറിയിക്കുമ്പോള്‍, കാബൂളില്‍ നിന്ന് ഇടപെടലുകള്‍ ഉണ്ടാവുകയും ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങുകയുമാണുണ്ടായത്. ഇത് നാലാമത്തെയോ അഞ്ചാമത്തെയോ തവണയാണ് കാബൂളില്‍ നിന്നും കാര്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നത്. ഇതിന് പിന്നില്‍ ചരടുവലിക്കുന്നത് ഇന്ത്യയാണ്. താലിബാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും തങ്ങള്‍ക്കെതിരെ നിഴല്‍ യുദ്ധം നടത്താന്‍ ഇന്ത്യ അഫ്ഗാനെ ഉപയോഗിക്കുകയാണെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു.
പാകിസ്ഥാനെതിരെ തീവ്രത കുറഞ്ഞ യുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതിനായി കാബൂളിനെ ഉപയോഗിക്കുകയാണ്. പാകിസ്ഥാന് നേരെ നോക്കിയാല്‍ അഫ്ഗാനിസ്ഥാന്റെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നും കഴിഞ്ഞ 4 വര്‍ഷമായി അഫ്ഗാന്‍ പാകിസ്ഥാന് നേരെ ഭീകരരെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും ഖ്വാജ മുഹമ്മദ് ആസിഫ് കുറ്റപ്പെടുത്തി.