നല്ല വാക്കുകള്‍ക്ക് അഭിനന്ദനങ്ങള്‍: ട്രംപിന്റെ പ്രശംസകളോട് പ്രതികരിച്ച് മോദി
ക്രിയാത്മകമായ വിലയിരുത്തലിനെയും അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രശംസകളോട് പ്രതികരിച്ച് പ്രധാനമന്ത്രി മോദി. പ്രസിഡന്റ് ട്രംപിന്റെ നല്ല വാക്കുകളെയും നമ്മുടെ ബന്ധത്തെയും കുറിച്ചുള്ള ക്രിയാത്മകമായ വിലയിരുത്തലിനെയും അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. താന്‍ എപ്പോഴും മോദിയുമായി സൗഹൃദത്തിലായിരിക്കുമെന്നും അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. ആശങ്കപ്പെടാന്‍ ഒന്നുമില്ല. നമുക്കിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുവെന്ന് മാത്രമേയുള്ളൂവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് ട്രംപിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ ഇന്ത്യയുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിനോടാണ് ട്രംപ് മോദിയെ പ്രശംസിച്ച് കാര്യങ്ങള്‍ പറഞ്ഞത്.
മോദിയുമായി എല്ലായിപ്പോഴും സൗഹൃദത്തിലായിരിക്കുമ്പോഴും ഈ പ്രത്യേക നിമിഷത്തില്‍ അദ്ദേഹം ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ വിമര്‍ശനം.