പതിനാലു മാസം പ്രായമുള്ള കുഞ്ഞിനെ കാറിനകത്ത് തനിച്ചിരുത്തി മദ്യം വാങ്ങാൻ പോയ അമ്മയെ അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചു. അന്ന മര്‍ക്കോവിക്(24) എന്ന സ്‌ത്രീയാണ് പിടിയിലായത്. ജൂണ് 26ന് ഓക്‌ലഹോമയിലാണ് സംഭവം.
ചുട്ടുപൊള്ളുന്ന കാലാവസ്ഥയില്‍ കാറിനകത്ത് കുട്ടിയെ തനിച്ചിരുത്തി അടുത്തുള്ള മദ്യഷോപ്പിലേക്ക് പോയതായിരുന്നു യുവതി. ഈ സമയം അതുവഴി വന്ന പൊലീസ് കുട്ടിയുടെ കരച്ചിൽ കേട്ട് കാര്‍ പരിശോധിച്ചപ്പോഴാണ് വിവരമറിയുന്നത്. കാര്‍ ലോക് ചെയ്‌തിരുന്നതിനാല്‍ ഡോര്‍ തുറക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.
ഇതിനിടെ യുവതി മടങ്ങിയെത്തി കാര്‍ തുറന്ന് കുട്ടിയെ പുറത്തെടുത്തു. ചൂട് മൂലം വിയര്‍ത്തൊഴുകിയ നിലയിലായിരുന്നു കുട്ടി. ഉടന്‍ തന്നെ കുട്ടിക്ക് പൊലീസ് പ്രാഥമിക ചികിത്സ നൽകി. കാറിനകത്ത് എസി ഓണ്‍ ചെയ്‌തിരുന്നുവെങ്കിലും കുട്ടിക്ക് ആവശ്യമായ കാറ്റ് ലഭിച്ചില്ലെന്ന യുവതിയുടെ പ്രസ്‌താവന തള്ളി ഇവരെ പൊലീസ് കേസെടുക്കുകയായിരുന്നു.
നടപടി ക്രമങ്ങള്‍ക്ക് ശേഷം യുവതിയെ പൊലീസ് തുൾസ കൗണ്ടി ജയിലിലടച്ചു. കുട്ടികളെ കാറിനകത്ത് ഇരുത്തി പോകുന്നത് അനുവദനീയമല്ലെന്നും ചൂട് കൂടുതലുള്ള സമയമായതിനാല്‍ ശ്രദ്ധ കൂടുതല്‍ വേണമെന്നും പൊലീസ് അറിയിച്ചു.