Narendra Modi - Donald Trump: നാല് തവണ വിളിച്ചു, ട്രംപിന്റെ ഫോണ്‍ കോളിനു പ്രതികരിക്കാതെ മോദി; ജര്‍മന്‍ ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട്
ഇന്ത്യക്കുമേല്‍ 50 ശതമാനം താരിഫ് ചുമത്തിയ യുഎസ് നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൊണാള്‍ഡ് ട്രംപിനോടു കടുത്ത നീരസമുണ്ട്
Narendra Modi - Donald Trump: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫോണ്‍ കോളിനോടു പ്രതികരിക്കാതെ നരേന്ദ്ര മോദി. കഴിഞ്ഞ ആഴ്ച ചുരുങ്ങിയത് നാല് തവണയെങ്കിലും ട്രംപ് മോദിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കോളിനു പോലും മോദി പ്രതികരിച്ചിട്ടില്ലെന്നാണ് ജര്‍മന്‍ ന്യൂസ് പേപ്പറായ ഫ്രാങ്ക്ഫര്‍ട്ടര്‍ ആര്‍ജെമൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യക്കുമേല്‍ 50 ശതമാനം താരിഫ് ചുമത്തിയ യുഎസ് നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൊണാള്‍ഡ് ട്രംപിനോടു കടുത്ത നീരസമുണ്ട്. ഈ സാഹചര്യത്തിലാണ് മോദി ട്രംപിന്റെ ഫോണ്‍കോള്‍ നിരസിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ജൂണ്‍ 17 നാണ് അവസാനമായി മോദിയും ട്രംപും ഫോണില്‍ സംസാരിച്ചത്. അതിനുശേഷം ഇരുനേതാക്കളും തമ്മില്‍ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നാണ് സൂചന. ട്രംപിന്റെ അഭ്യര്‍ഥന മാനിച്ചാണ് മോദി ഫോണില്‍ സംസാരിച്ചതെന്ന് അന്ന് തന്നെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
അതേസമയം റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ തുടര്‍ന്ന് യുഎസ് ഇന്ത്യക്കുമേല്‍ ചുമത്തിയ 50 ശതമാനം താരിഫ് ഇന്നുമുതല്‍ നിലവില്‍വന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നു. യുഎസിന്റെ താക്കീത് മറിടകടന്ന് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുകയാണ്.