ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗലാന്റിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി ബെഞ്ചമിന്‍ നെതന്യാഹു. സൈനിക ഓപ്പറേഷനുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്നും അതിനാല്‍ തന്നെ മന്ത്രിയിലുള്ള വിശ്വാസം നഷ്ടമായെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. അമേരിക്കന്‍ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെയായിരുന്നു പുറത്താക്കല്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹമാസിനെതിരെയും ഹമാസിനെ പിന്തുണയ്ക്കുന്ന ലെബനന്‍ സായുധസംഘടനയായ ഹിസ്ബുള്ളയ്‌ക്കെതിരെയും കടുത്ത ആക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. എന്നാല്‍ ഈ സൈനികനീക്കത്തില്‍ പ്രതിരോധമന്ത്രിയും പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു നിലവില്‍ വിദേശകാര്യ മന്ത്രിയായ ഇസ്രായേല്‍ കാറ്റ്‌സിനെയാകും പുതിയ പ്രതിരോധമന്ത്രിയായി നിയമിക്കുക.
അതേസമയം അമേരിക്കന്‍ തെരെഞ്ഞെടുപ്പ് ഫലം ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാണെന്ന സൂചനയാണ് ഇസ്രായേല്‍ നീക്കം നല്‍കുന്ന സൂചനയെന്ന് നിരീക്ഷകര്‍ പറയുന്നു.ഇസ്രായേലിന്റെ ഹമാസിനെതിരായ അക്രമണത്തില്‍ ശക്തമായ പിന്തുണ നല്‍കുന്ന നേതാവാണ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ വരവോടെ ഇസ്രായേലിനെ കൂടുതല്‍ കടുത്ത സൈനിക നടപടികള്‍ കൈക്കൊള്ളാന്‍ കഴിയും. ഇതിന്റെ ഭാഗമായാണ് താനുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്ന പ്രതിരോധമന്ത്രിയെ നെതന്യാഹു പുറത്താക്കിയതെന്നാണ് സൂചന.